കാസര്‍കോട്: വിവിധ സാഹചര്യങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന കുട്ടികള്‍ക്ക് കൈത്താങ്ങാകുകയാണ് കേരളാ പോലീസിന്റെ ഹോപ്പ് പദ്ധതി. അറിവും കഴിവും നല്‍കി അവരെ സമൂഹത്തിനു മുമ്പില്‍ കൈപിടിച്ചുയര്‍ത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2019 മുതല്‍ പദ്ധതി ജില്ലയില്‍ നടപ്പാക്കിവരുന്നു. ജില്ലയില്‍ നിരവധി കുട്ടികള്‍ക്കാണ് കേരളാ പോലീസിന്റെ ഹോപ്പിലൂടെ തുടര്‍പഠനം സാധ്യമായത്. കാസര്‍കോട് പോലീസ് സ്റ്റേഷന് മുന്നിലാണ് ഹോപ്പ് ലേണിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ പത്താം ക്ലാസ്, പ്ലസ്ടു തുടര്‍പഠനം നടത്തുന്ന 28 വിദ്യാര്‍ത്ഥികള്‍ ഇവിടെയുണ്ട്. കഴിഞ്ഞ വര്‍ഷം 29 വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ്, പ്ലസ്ടു ഹോപ്പ് പദ്ധതിയിലൂടെ പഠനം നടത്തി. പത്താം ക്ലാസ് പഠനം നടത്തിയ 11 കുട്ടികളില്‍ 10 കുട്ടികളും വിജയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍, വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗപ്പെടുത്തിയാണ് അധ്യാപന-പഠന സെഷനുകള്‍ നടത്തിയത്.
തീരദേശ മേഖലകളിലെ പോലീസ് സ്റ്റേഷനുകളില്‍ പഠനം നിര്‍ത്തിയ കുട്ടികളെ കണ്ടത്താനായി കോ-ഓഡിനേറ്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ പഠനം ഉപേക്ഷിച്ച കുട്ടികളെ കണ്ടെത്തി അവര്‍ക്ക് വേണ്ട ബോധവത്ക്കരണം നടത്തി ഹോപ്പിലൂടെ തുടര്‍ പഠനത്തിന് സഹായിക്കുന്നു. ജില്ലയുടെ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസാണ് ഹോപ്പിന്റെ നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഹോപ്പിന്റെ പ്രവര്‍ത്തനം കോ-ഓഡിനേറ്റ് ചെയ്യാന്‍ ഒരു ഹോപ്പ് അഡ്മിനിസ്‌ട്രേറ്ററും ഉണ്ട്. എന്‍.ഐ.ഒ.എസ് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ്), കേരളാ സിലബസ് എന്നിവ ഇവിടെ പഠിപ്പിക്കുന്നു. 14 വയസ് പൂര്‍ത്തിയായ മലയാളം എഴുതാനും വായിക്കാനും അറിയുന്ന ഏതൊരാള്‍ക്കും എന്‍.ഐ.ഒ.എസ് വഴി ഹോപ്പ് പദ്ധതിയിലൂടെ എസ്.എസ്.എല്‍.സിയും 15 വയസ് പൂര്‍ത്തിയായ എസ്.എസ്.എല്‍.സി പാസായ ഏതൊരാള്‍ക്കും പ്ലസ്ടുവിനും തുടര്‍പഠനം നടത്താം. ഹ്യുമാനിറ്റിസ്, കോമേഴ്സ് എന്നീ വിഷയങ്ങളാണ് ജില്ലയില്‍ ഹോപ്പ് പദ്ധതിയിലൂടെ പഠിപ്പിക്കുന്നത്. 6 മാസമാണ് കാലയളവ്.
ഹ്യുമാനിറ്റിസില്‍ ഇംഗീഷ്, മലയാളം, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഡാറ്റാ എന്‍ട്രി എന്നിവയും കോമേഴ്സില്‍ ഇംഗീഷ്, മലയാളം, അക്കൗണ്ടന്‍സി, ബിസിനസ്, ഇക്കോണോമിക്സ്, ഡാറ്റാ എന്‍ട്രി എന്നിവയും പഠിപ്പിക്കുന്നു. സര്‍വിസില്‍ നിന്നും വിരമിച്ച അധ്യാപകരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. സേ പരീക്ഷ റിസള്‍ട്ട് വന്ന ശേഷം തുടര്‍പഠന യോഗ്യത നേടാന്‍ സാധിക്കാതെ പോയവര്‍ക്കും ഹോപ്പ് വഴി ക്ലാസ്സ് നല്‍കുന്നുണ്ട്.
പഠനം പൂര്‍ത്തീകരിച്ചവര്‍ക്ക് തുടര്‍ പഠനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് കൂടാതെ പിഎസ്സി, യുപിഎസ്സി പരീക്ഷകള്‍ എഴുതുവാനുള്ള യോഗ്യതയുമുണ്ടാകും.
അക്കാദമികമായി മികവ് പുലര്‍ത്താന്‍ സഹായിക്കുന്നതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് ജീവിത നൈപുണ്യം പകര്‍ന്നുവനല്‍കുന്നതിനും സ്വഭാവപ്രശ്‌നങ്ങള്‍, വൈകാരിക പ്രയാസങ്ങള്‍, ആത്മഹത്യാ ചിന്തകള്‍ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഹോപ്പ് ശാസ്ത്രീയമായ ഇടപെടലുകള്‍ നടത്തിവരുന്നു.
ചന്തേര പോലീസ് സ്റ്റേഷനിലും ഹോപ്പ് ലേണിംഗ് സെന്റര്‍ കഴിഞ്ഞ വര്‍ഷങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു. സേ പരീക്ഷയുടെ റിസര്‍ട്ട് വരുമ്പോള്‍ കൂടുതല്‍ കുട്ടികള്‍ ഹോപ്പ് തിരഞ്ഞെടുക്കാന്‍ സാധ്യതയുണ്ട്. ഈ സന്ദര്‍ഭങ്ങളില്‍ കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളിലേ കുട്ടികള്‍ക്ക് യാത്ര സൗകര്യത്തിനായി വീണ്ടും ചന്തേരയില്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഹോപ്പ് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.