CLOSE

തെരുവ് നായകളുടെ വന്ധ്യംകരണം; പ്രത്യേക കര്‍മപദ്ധതി തയ്യാറാക്കുന്നു

Share

തെരുവ്നായകളുടെ പ്രജനനം നിയന്ത്രിക്കാനായി വന്ധ്യംകരണത്തിനുള്ള പ്രത്യേക കര്‍മ്മപദ്ധതി ജില്ലയില്‍ തയ്യാറാക്കുന്നു. 2016 ഒക്ടോബര്‍ മുതല്‍ 2022 മെയ് മാസം വരെ ജില്ലയില്‍ നടത്തിയ എ.ബി.സി(ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പദ്ധതിയുടെ തുടര്‍ച്ചയായിട്ടാണ് വന്ധ്യംകരണ പരിപാടി നടത്തുക. നിലവില്‍ ജില്ലയിലെ 11247 തെരുവ്നായ്ക്കളെ പിടികൂടി കുത്തിവെപ്പ് നല്‍കിയിട്ടുണ്ട്. എ.ബി.സി പദ്ധതിക്കായി നിയോഗിക്കപ്പെടുന്ന ഏജന്‍സിക്ക് കേന്ദ്ര ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ രജിസ്ട്രേഷന്‍ പുതുക്കിക്കിട്ടുന്ന മുറക്ക് എബിസി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.

അരുമയ്ക്കൊരു കരുതല്‍, ഉത്തരവാദിത്വം ഉടമസ്ഥന്റെ കൈകളില്‍

തെരുവ് നായകളുടെ അക്രമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നായകളില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. സെപ്റ്റബര്‍ 26 മുതല്‍ ക്ടോബര്‍ 25 വരെയുള്ള ഒരു മാസക്കാലയളവില്‍ ജില്ലയിലെ മുഴുവന്‍ വളര്‍ത്തു പട്ടികളിലും കുത്തിവെപ്പ് നടത്തി ലൈസന്‍സ് നകും. ഒക്ടോബര്‍ 26 മുതല്‍ 30വരെയുള്ള ദിവസങ്ങളില്‍ തെരുവ് നായ്ക്കളിലും പ്രതിരോധ കുത്തിവെപ്പ് നടത്തും. നവംബര്‍ ഒന്നിന് കുത്തിവെപ്പ് സംബന്ധിച്ച അവലോകനം ചേരാനുമാണ് കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, അസി.കളക്ടര്‍ മിഥുന്‍ പ്രേംരാജ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്.

തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ സൂക്ഷമ കര്‍മ്മപദ്ധതി തയ്യാറാക്കിക്കൊണ്ടാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് ജില്ലാ മൃഗസരംക്ഷണ ഓഫീസര്‍ അറിയിച്ചു. തിങ്കളാഴ്ച(സെപ്റ്റംബര്‍ 19ന്) രാവിലെ പത്തിന് ജില്ലയിലെ എം.എല്‍.എമാര്‍, തദ്ദേശ സ്ഥാപന പ്രസിഡന്റ്, സെക്രട്ടറി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ട്. 20ന് പട്ടി സ്നേഹികള്‍, റസിഡന്റ് അസോസിയേഷന്‍, കുടുംബശ്രീ അംഗങ്ങള്‍ ഉള്‍പ്പെടുന്നവരുടെ യോഗവും വിളിച്ചിട്ടുണ്ട്. 23ന് പഞ്ചായത്ത് തലത്തില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും.

പേവിഷ ബാധയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കാം

പേവിഷബാധയ്ക്കെതിരെ നമ്മള്‍ ജാഗ്രതയോടെ പ്രതിരോധം ശക്തമാക്കണം. പട്ടിയുടെ കടിയേറ്റാല്‍ മുറിവ് എത്ര ചെറുതാണെങ്കിലും നിസാരമായി കാണരുത്. എത്രയും വേഗം ആശുപത്രിയിലെത്തി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ചികിത്സ തേടണം.
*മൃഗങ്ങള്‍ കടിച്ചാല്‍ എത്ര ചെറിയ മുറിവാണെങ്കിലും അവഗണിക്കരുത്
*പ്രഥമ ശുശ്രൂഷയ്ക്കും വാക്‌സിനേഷനും അതീവ പ്രധാന്യം
*കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 15 മിനിറ്റോളം നന്നായി കഴുകുക
*എത്രയും വേഗം ആശുപത്രിയിലെത്തിച്ച് വാക്‌സിനെടുക്കുക
*മുറിവിന്റെ തീവ്രതയനുസരിച്ച് ആന്റി റാബിസ് വാക്‌സിനും (ഐ.ഡി.ആര്‍.വി.) ഇമ്മ്യൂണോഗ്ലോബുലിനുമാണ് എടുക്കുന്നത്.
*കൃത്യമായ ഇടവേളയില്‍ വാക്‌സിന്‍ എടുത്തെന്ന് ഉറപ്പ് വരുത്തണം
*കടിയേറ്റ ദിവസവും തുടര്‍ന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും വാക്‌സിന്‍ എടുക്കണം
*വാക്‌സിനെടുത്ത് കഴിഞ്ഞും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ചികിത്സ തേടുക
*വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പ് വരുത്തുക
*മത്സ്യം, മാംസം തുടങ്ങിയ ആഹാരാവശിഷ്ടങ്ങള്‍ പൊതു സ്ഥലങ്ങളില്‍ വലിച്ചെറിയരുത്
*പേവിഷബാധയ്ക്ക് നിലവിലുള്ള ഏറ്റവും വലിയ പ്രതിരോധമാണ് പ്രഥമ ശുശ്രൂഷയും വാക്‌സിനേഷനും. അതിനാല്‍ അവഗണിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *