ശിശുദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണവും നാളെ് (നവംബര്‍ 14) വൈകിട്ട് നാലിനു തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ആരോഗ്യ കുടുംബക്ഷേമ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. മന്ത്രി ആന്റണി രാജു പരിപാടിയില്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വ്യക്തികളുമായി കുട്ടികള്‍ സംവദിക്കുന്ന ‘കുട്ടികളോടൊപ്പം’ പരിപാടിയും ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. കരുതലും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ സഹായിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ രൂപീകരിച്ച ബാലനിധി ഫണ്ടിലേക്ക് കൂടുതല്‍ തുക സമാഹരിക്കാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കിയ യു.പി.ഐ ക്യൂ.ആര്‍ കോഡിന്റെ പ്രകാശനവും നടക്കും. വിവിധ മേഖലയില്‍ മികവു പുലര്‍ത്തുന്ന കുട്ടികള്‍ക്ക് കേരള സര്‍ക്കാര്‍ എല്ലാ വര്‍ഷവും നല്‍കുന്ന പുരസ്‌കാരമാണ് ഉജ്ജ്വലബാല്യം പുരസ്‌കാരം.