ജില്ലാ ഭരണകൂടം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും ക്യാപ്റ്റന്‍സ് സോഷ്യല്‍ ഫൌണ്ടേഷന്റെയും സഹകരണത്തോടെ നടത്തുന്ന വര്‍ണ്ണക്കൂട്ട് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളിലെ 10 മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളിലാണ് വര്‍ണ്ണക്കൂട്ട് നടപ്പിലാക്കുന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള യുവ കലാകാരന്മാര്‍ സൗജന്യമായാണ് ഈ സംരംഭത്തിന് പിന്തുണയേകി ഒപ്പം നില്‍ക്കുന്നത്. നിലവില്‍ മുളിയാര്‍ പഞ്ചായത്തിലെ തണല്‍ ബഡ്‌സ് സ്‌കൂളിന്റെ ചുവരുകളാണ് വര്‍ണ്ണ ചിത്രങ്ങള്‍ക്കൊണ്ട് അലങ്കരിച്ചത്. മൃഗങ്ങളും പൂക്കളും സസ്യലതാദികളും അക്ഷരങ്ങളും അക്കങ്ങളും വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ ഇനി ഭിന്നശേഷിക്കുട്ടികളോട് സംവദിക്കും.
ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ നേതൃത്വത്തില്‍ എല്‍ എ ഡപ്യൂട്ടി കളക്ടര്‍ എസ്.ശശിധരന്‍ പിള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല നിര്‍വഹിക്കുന്നു. ക്യാപ്റ്റന്‍സ് സോഷ്യല്‍ ഫൌണ്ടേഷന്‍ സി.ഇ.ഒ അഫ്‌സല്‍ മുഹമ്മദ്, ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ ജാസിം ഉമ്മര്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ആദര്‍ശ് എന്നിവര്‍ സാങ്കേതിക സഹായം ലഭ്യമാക്കുന്നു. മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.മിനി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.സുമ, മറ്റ് ജീവനക്കാര്‍, മാതാപിതാക്കള്‍ എന്നിവര്‍ പിന്തുണയുമായി മുഴുവന്‍ സമയവും ഒപ്പമുണ്ട്. തുടര്‍ ആഴ്ചകളില്‍ ബാക്കിയുള്ള ബഡ്സ് സ്‌കൂളുകളില്‍ കൂടെ ചുമര്‍ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് എല്‍ എ ഡപ്യൂട്ടി കളക്ടര്‍ എസ്.ശശിധരന്‍ പിള്ള അറിയിച്ചു.