ശ്രീകൃഷ്ണനും ഉറ്റ ചങ്ങാതി അര്‍ജുനനും ശിവനൊപ്പം പ്രഗതി മൈതാനിയിലെ കേരള പവിലിയനില്‍. അന്താരാഷ്ട്രവാണിജ്യമേളയിലെ കേരള പവിലിയനിലാണ് കൗതുകം പകരുന്ന കരകൗശലത്തില്‍ തെളിഞ്ഞ ഈ സൗഹൃദ സ്യഷ്ടി.
കൃഷ്ണന്റെയും അര്‍ജുനന്റെയും കഥകളി രൂപങ്ങളാണ് തിരുവനന്തപുരം പൂജപ്പുര തമലം ശാരു നിവാസില്‍ ശിവന്റെ കരുവിരുതില്‍ കമനീയത പകരുന്നത്. ശിവനെ ഡല്‍ഹി മലയാളികള്‍ക്കും മറ്റ് സുഹൃത്തുക്കള്‍ക്കും പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. 37 വര്‍ഷം ശങ്കേഴ്‌സ് മ്യൂസിയത്തിലെ കലാകാരനായിരുന്നു. 2005നു ശേഷം നാട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. ഇപ്പോള്‍ സെക്രട്ടേറിയറ്റിന് സമീപത്തുള്ള എസ്.എം.എസ്.എം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കലാസൃഷ്ടികള്‍ തയ്യാറാക്കി നല്‍കുന്നു. കോവളം ക്രാഫ്റ്റ് വില്ലേജിലെ കലാകാരന്‍മാര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്‌സിന്റെ മേക്കപ്പ്മാന്‍ ആയും പ്രവര്‍ത്തിക്കുന്നു.
പേപ്പര്‍ ഉപയോഗിച്ചാണ് കഥകളി രൂപങ്ങളുടെ ഘടന തയാറാക്കുന്നത്. സാധാരണ ഗതിയില്‍ അഞ്ചെണ്ണം വരെ ഒന്നിച്ചു നിര്‍മിക്കാറുണ്ട്. ഇതിന് രണ്ടു മാസം വരെ വേണമെന്ന് ശിവന്‍ പറഞ്ഞു. കഥകളി വേഷത്തിലെ മുത്തുമാലകള്‍ വരെ കോര്‍ത്തെടുക്കുന്നു. വേഷങ്ങള്‍ ഇതിനൊപ്പം തയാറാക്കിയെടുക്കുകയും പിന്നീട് പേപ്പര്‍ കുഴമ്പും കമ്പിയും ഉപയോഗിച്ച് രൂപഘടനയും ഉണ്ടാക്കുന്നു. ശേഷം വേഷങ്ങള്‍ അണിയിക്കുന്നതോടെ കഥകളി രൂപം പൂര്‍ണമാകുന്നു. കൃഷ്ണവേഷം ഭക്തിയും അര്‍ജുന വേഷത്തെ കലാരൂപവുമെന്ന നിലയിലാണ് കാഴ്ചക്കാര്‍ സമീപിക്കുന്നതെന്ന് ശിവന്‍ പറഞ്ഞു. 800 രൂപ മുതലാണ് കഥകളി വേഷങ്ങള്‍ക്കു വില. വിദേശികള്‍ക്കും മറ്റ് സംസ്ഥാനക്കാര്‍ക്കും ഏറെ പ്രിയങ്കരമാണ് കേരളത്തിന്റെ കഥകളിയും കഥകളി വേഷ രൂപങ്ങളും.