CLOSE

ഇന്‍ഷുറന്‍സ് ഏജന്റുമാരെ അവഗണിക്കുന്ന നടപടിക്കെതിരെ കത്തയച്ചു

Share

കാഞ്ഞങ്ങാട് : ഇന്‍ഷൂറന്‍സ് ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ നാല്‍പ്പത് ലക്ഷത്തിലധികം വരുന്ന ആളുകളുടെ കമ്മീഷന്‍ വെട്ടിക്കുറക്കുന്ന ഐആര്‍ഡിഎയുടെ പുതിയ നീക്കത്തിനെതിരായി പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തുകള്‍ അയക്കുക എന്ന സമരത്തിന്റെ ഭാഗമായി ഓള്‍ ഇന്ത്യ ജനറല്‍ ഇന്‍ഷൂറന്‍സ് ഏജന്റ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ നിന്നും പ്രധാനമന്ത്രിക്ക് കത്തുകള്‍ പോസ്റ്റ് ചെയ്തു.

ഇന്ത്യയിലാകമാനം നാല്‍പ്പത് ലക്ഷത്തിലധികം ആളുകള്‍ സ്വയംതൊഴില്‍ ചെയ്ത് ജീവിക്കുന്ന ഒരു മേഖലയാണ് ഇന്‍ഷൂറന്‍സ്. യാതൊരു വിധത്തിലുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ഇല്ലാതെ തന്നെ ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്ന വളരെ കുറഞ്ഞ കമ്മീഷന്‍ മാത്രം കൈപ്പറ്റി കൊണ്ടാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണ തൊഴിലിടങ്ങളില്‍ പണിയെടുക്കുന്ന ഒരു തൊഴിലാളിക്ക് ലഭിക്കുന്ന അര്‍ഹതയോ മറ്റ് ആനുകൂല്യങ്ങളോ ഒന്നും ജനറല്‍ ഇന്‍ഷൂറന്‍സ് രംഗത്ത് പണിയെടുക്കുന്ന ഏജന്റുമാര്‍ക്ക് ലഭിക്കുന്നില്ല.

രാജ്യത്തെ നാല് പൊതുമേഖല ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളില്‍ ലക്ഷക്കണക്കിന് ഏജന്റുമാര്‍ പണിയെടുക്കുന്നുണ്ട്. ഏജന്റുമാരുടെ കമ്മീഷന്‍ വെട്ടി കുറയ്ക്കുവാനും അവരെ ഇല്ലാതാക്കുവാനും, സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ സഹായിക്കാനുള്ള ഐആര്‍ഡിഎയുടെ നീക്കം അപകടകാരമാണ്.ഇതിനെതിരായിട്ടാണ് ഏജന്റുമാര്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു കൊണ്ടുള്ള കത്ത് അയക്കുന്നത്. കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന സമരം ആള്‍ ഇന്ത്യ ജനറല്‍ ഇന്‍ഷൂറന്‍സ് ഏജന്റ്‌സ് അസോസിയേഷന്റെ സംസ്ഥാന ഭരണ സമിതി അംഗവും ജില്ല സെക്രട്ടറിയുമായ മോഹന്‍കുമാര്‍ പെരിയ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് പി വി രാജേഷ് അധ്യക്ഷനായി. സംസ്ഥാന സമിതി അംഗങ്ങളായ രവികുമാര്‍ കാസറഗോഡ്, മുകുന്ദന്‍ തിമിരി എന്നിവര്‍ സംസാരിച്ചു. വേണുഗോപാലന്‍ നീലേശ്വരം സ്വാഗതവും ബാലകൃഷ്ണന്‍ ചെറുവത്തൂര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *