CLOSE

പ്രാദേശിക സാമ്പത്തിക വികസനത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഊന്നല്‍ നല്‍കണം; മന്ത്രി എം.ബി.രാജേഷ്

Share

പ്രാദേശിക സാമ്പത്തിക വികസനത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഊന്നല്‍ നല്‍കണമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ‘ നവകേരളം തദ്ദേശകം 2.0 ‘ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും ജില്ലാതല വകുപ്പ് മേധാവികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനാലാം പഞ്ചവത്സര പദ്ധതി ഉന്നല്‍ നല്‍കുന്നത് പ്രാദേശിക സാമ്പത്തിക വികസനത്തിനാണ്. പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ശക്തിയായി കണക്കാക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ്. സാമ്പത്തിക വര്‍ഷം പകുതിയും പിന്നിട്ട് കഴിഞ്ഞു. വരുന്ന നാലുമാസത്തിനകം പദ്ധതി നിര്‍വ്വഹണം കര്യക്ഷമമായി പൂര്‍ത്തിയാക്കുകയും പദ്ധതി തുക പൂര്‍ണ്ണമായും വിനിയോഗിക്കുകയും ചെയ്യണം. മുന്‍പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ലക്ഷ്യം സേവനങ്ങള്‍ ലഭ്യമാക്കുകയാണെങ്കില്‍ ഇന്നത് ഉത്പാദന രംഗത്തെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുക എന്നതും കൂടി ആയിരിക്കുന്നു. വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിലടക്കം എല്ലാ മേഖലകളിലും കേരളം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഈ നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ കഴിയണമെങ്കില്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടാവണം. അതിനാല്‍ സംരംഭങ്ങള്‍ വളര്‍ത്തണം. സൂഷ്മ സംരംഭങ്ങള്‍ കൂടുതല്‍ ഉണ്ടാവണം. അതിനെയൊക്കെയും ഏകോപ്പിക്കുന്ന ഇടമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ മാറണം. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭകമെന്ന ആശയത്തിലൂടെ 7 മാസം പിന്നിട്ടപ്പോള്‍ 80000 സംരംഭകങ്ങള്‍ കേരളത്തില്‍ ആരംഭിക്കാന്‍ സാധിച്ചു. 1,83,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ജില്ലയില്‍ 1924 സംരഭങ്ങള്‍ വഴി ഉണ്ടായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇവ പ്രയോജനപ്പെടുത്തുകയും സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയും ഇതിലൂടെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യണം. അതിദരിദ്രരെ നിത്യ ദാരിദ്രത്തില്‍ നിന്നും കരകയറ്റാനുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. അതിദാരിദ്ര സര്‍വേ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. അവരുടെ ആവിശ്യങ്ങള്‍ വ്യത്യസ്തമാണ്. അവ നിറവേറ്റാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് സര്‍ക്കാര്‍. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പ്രാദേശിക സാമ്പത്തിക വികസനം അതിദാരിദ്ര്യ നിര്‍മാര്‍ജനം മാലിന്യ പരിപാലനം എന്നിവയ്ക് പ്രഥമ പരിഗണന നല്‍കണം. തദ്ദേശസ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതി തുക പൂര്‍ണമായും വിനിയോഗിക്കണമെന്നും ഇതിന് തടസ്സമാകുന്ന കാര്യങ്ങള്‍ പരിഹരിക്കും. കൂടാതെ വാതില്‍ പടിസേവനം, ലൈഫ് മിഷന്‍ ഭവന നിര്‍മാണം മൂന്നാംഘട്ടം, എ.ബി.സി കേന്ദ്രങ്ങള്‍ തുടങ്ങിവയ്ക്കും മുന്‍ഗണന നല്‍കും. നാല് കൊല്ലം കൊണ്ട് കേരളത്തെ പൂര്‍ണമായും മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം. ആസ്തി രജിസ്റ്റര്‍ പ്രകാരമായിരിക്കും അടുത്ത വര്‍ഷം മുതല്‍ മെയിന്റന്‍സ് ഗ്രാന്റ് അനുവദിക്കുക. തീര്‍പ്പാക്കാത്ത ഫയലുകള്‍ കൂടിയ പഞ്ചായത്തുകള്‍ പ്രത്യേകം പരിശോധിക്കണം. ജില്ലയില്‍ 777 വാര്‍ഡിന്‍ 1322 ഹരിത കര്‍മസേന അംഗങ്ങളുണ്ട്. വസ്തുക്കളുടെ വാതില്‍ പടി ശേഖരണം കാര്യക്ഷമമാക്കണം. അജൈവ മാലിന്യങ്ങളുടെ ഉറവിട സംസ്‌കരണം നടത്തണം. കര്‍മ്മസേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. കൂടാതെ ഹരിത കര്‍മസേനയ്ക്ക് നല്‍കിവരുന്ന യൂസര്‍ ഫീസ് എല്ലാവരും നല്‍കണം. ഇതിന്റെ പ്രാധാന്യം ജനപ്രതിനിധികള്‍ ബോധ്യപ്പെടുത്തണം. നിയമപരമായ സഹായം ആവശ്യമെങ്കില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പടന്നക്കാട് കാര്‍ഷിക കോളജ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് റൂറല്‍ ഡയറക്ടര്‍ എച്ച്.ദിനേശന്‍, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കി.

കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റും ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന സമിതി അംഗവുമായ ടി.കെ.രവി, നീലേശ്വരം നഗരസഭചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ.വി.എം.മുനീര്‍, ദേലംപാടി പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ഇ.പി.ഉഷ, ബെള്ളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ശ്രീധര, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദിരിയ കാഞ്ഞങ്ങാട് എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ.പി.വത്സലന്‍, തദ്ദേശ സ്വയം ഭരണവും എക്സൈസും വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ.വി.പി.പി.മുസ്തഫ, തദ്ദേശ സ്വയം ഭരണ ( റൂറല്‍) ഡയറക്ടറും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഡയറക്ടറുമായ എച്ച്.ദിനേശന്‍, ഉന്നത തദ്ദേശ സ്വയം ഭരണ വകുപ്പ് സംസ്ഥാന തല ഉദ്യോഗസ്ഥരായ എസ്.അജയകുമാര്‍, ഡി.സാജു, ടി.സജീഷ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ്.മായ തുടങ്ങിയവര്‍ സംബന്ധിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍മാത്യു സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപ് നന്ദിയും പറഞ്ഞു. പതിനാലു ജില്ലകളില്‍ നടത്തിയ
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന അവലോകനം നവകേരള തദ്ദേശകം 2.0 കാസര്‍കോട് ജില്ലാതല അവലോകനത്തോടെ പൂര്‍ത്തിയായി.കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച പ്രകടനം നടത്തിയ ഗ്രാമ പഞ്ചായത്തുകള്‍ക്ക് മന്ത്രി പുരസ്‌ക്കാരം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *