ഉദുമ : അജൈവ മാലിന്യ സംസ്കരണത്തിന് സമഗ്ര പദ്ധതി തയ്യാറാക്കി ഉദുമ ഗ്രാമപഞ്ചായത്ത്. ശാസ്ത്രീയമായി മാലിന്യ ശേഖരണവും സംസ്കരണവും നടപ്പിലാക്കി മാലിന്യമുക്ത പഞ്ചായത്തായി ഉദുമയെ മാറ്റുക എന്നതാണ് ലക്ഷ്യം. മാലിന്യസംസ്കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വേംസ് ഇക്കോ സൊല്യൂഷന്‍സ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് സമഗ്ര മാലിന്യനിര്‍മാര്‍ജന പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിന് മുന്നോടിയായി തിങ്കളാഴ്ച ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ആശാവര്‍ക്കര്‍മാര്‍ അങ്കണവാടി ടീച്ചര്മാര് തൊഴിലുറപ്പ് മേറ്റുമാര്‍ എഡിഎസ്, സിഡിഎസ് അംഗങ്ങള്‍ തുടങ്ങിയവരുടെ യോഗം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു. ഹ പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. വി. ബാലകൃഷ്ണന്, സ്ഥിരം സമിതി അധ്യക്ഷ സൈനബ അബൂബക്കര്‍ , സെക്രട്ടറി പി. ദേവദാസ്, ജനപ്രതിനിധികളായ ഹാരിസ് അങ്കക്കളരി, പുഷ്പ, യാസ്മിന് റഷീദ, ശകുന്തള, നബീസ പാക്യാര, വിഇഒമാരായ പ്രവീണ്‍കുമാര്‍, ഷീന , ഗ്രീന്‍ വേംസ് പ്രോജക്ട് മാനേജര്‍ കെ. ശ്രീരാഗ്.എന്നിവര്‍ സംസാരിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടി, വ്യാപാരി വ്യവസായി സംഘടന, യുവജന സംഘടന പ്രതിനിധികളുടെ യോഗവും ചേര്‍ന്നു. വ്യാപാരി സംഘടനാ ഭാരവാഹികളായ എ. വി. ഹരിഹരസുതന്, എം. എസ്. ജെംഷീദ്, ദിവാകരന്, കെ ചന്ദ്രന് തുടങ്ങിയവരും സംബന്ധിച്ചു. പദ്ധതി ഡിസംബര്‍ ആദ്യവാരം ആരംഭിക്കും. ഒരു വാര്‍ഡില്‍ ഒരു ദിവസം എന്ന രീതിയിലാണ് മാലിന്യ ശേഖരണം. ഹരിത കര്‍മ സേനാംഗങ്ങള്‍ വീടുകളില്‍ നിന്ന് ഒന്നര മാസത്തിലൊരിക്കലും സ്ഥാപനങ്ങള്‍ കടകള്‍ എന്നിവയില്‍ മാസത്തിലൊരിക്കലും യൂസര്‍ ഫീ ഈടാക്കി മാലിന്യം ശേഖരിക്കും. വീടുകളില്‍ നിന്ന് 50 രൂപയും കടകള്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് 100 രൂപയും ഈടാക്കും. ഇതിന്റെ രസീത് പഞ്ചായത്ത് സേവനങ്ങള്‍ക്കായി ഉപയോഗിക്കും. ബയോമെഡിക്കല്‍, സാനിറ്ററി നാപ്കിന്, ഡയപ്പര്‍ എന്നിവ ഒഴികെയുള്ള മുഴുവന്‍ അജൈവമാലിന്യങ്ങളും ശേഖരിച്ച് സംസ്കരിക്കും. ഒഴിവാക്കപ്പെട്ടവ കൂടി അടുത്തഘട്ടത്തില്‍ പരിഗണിക്കാന്‍ നടപടി ഉണ്ടാകും.
മാലിന്യങ്ങള്‍ പൊതുനിരത്തുകളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നവര്‍ക്കെതിരെ പഞ്ചായത്തീരാജ് ആക്റ്റിലെ സെക്ഷന്‍ 219(എസ്) പ്രകാരം പതിനായിരം രൂപ മുതല്‍ ഇരുപത്തിഅയ്യായിരം രൂപ വരെ പിഴ ഈടാക്കും. ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാനുള്ള കുറ്റകൃത്യമാണിത്. തുക നല്‍കിയശേഷം മാലിന്യം എടുത്തില്ലെങ്കില്‍ പഞ്ചായത്തുമായി ബന്ധപ്പെട്ട് പരാതി നല്‍കാം. പദ്ധതിയുമായി ബന്ധപ്പെട്ട പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പരാതികളും സംശയങ്ങളും പരിഹരിക്കുന്നതിന് കസ്റ്റമര്‍ കെയര്‍ നമ്പര്‍ സജ്ജമാക്കും.