പൊതു വിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വിദ്യാകിരണം പദ്ധതിയും വഴി സര്‍ക്കാര്‍ നടത്തുന്നതെന്ന് വിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി.ശിവന് കുട്ടി. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ ബേളൂര്‍ ഗവണ്മെന്റ് യു.പി സ്കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടോദ്ഘാടനവും പ്രവേശന കവാട സമര്‍പ്പണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 3000ത്തില്‍ പരം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് കുറഞ്ഞ കാലം കൊണ്ട് കേരളത്തില്‍ ഉണ്ടായത്. ഒരുപക്ഷേ വിദ്യാഭ്യാസത്തിനായി ഇത്രയും കുറഞ്ഞ കാലം കൊണ്ട് ഇത്രയും കൂടിയ തുക മുടക്കുന്ന സംസ്ഥാനം കേരളമാകും. വിദ്യാഭ്യാസത്തിലെ കേരള മാതൃക ദേശീയതലത്തില്‍ കൂടുതല്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്റക്സില്‍ കേരളം ഒന്നാം സ്ഥാനത്താണ്. പൊതുവിദ്യാഭ്യാസ മേഖലയിലെ മികവിന്റെ സൂചകയാണിത്. ഇനി അക്കാദമിക് രംഗത്ത് മാറ്റത്തിനാണ് ലക്ഷ്യം. അതിന്റെ ഭാഗമായി പാഠ്യപദ്ധതി പരിഷ്കരണം വരാന്‍ പോകുന്നു. 47 ലക്ഷം വിദ്യാര്‍ഥികള്‍ പാഠ്യപദ്ധതി പരിഷ്കരണ ചര്‍ച്ചകളില്‍ പങ്കെടുത്തു. കാലത്തിനൊത്ത് അധ്യാപകരും മാറണം. അക്കാദമികമായും വ്യക്തിപരമായും കുട്ടികളെ മികവുള്ളവരാക്കാനുള്ള ഉത്തരവാദിത്തം അധ്യാപകര്‍ ഏറ്റെടുക്കണം. പൊതു വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ മികവിലേക്ക് നയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിനിയും തുടരുക തന്നെ ചെയ്യും. ആ പ്രവര്‍ത്തനത്തിന് പൊതുസമൂഹത്തിന്റെയാകെ പിന്തുണ ആവശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇ.ചന്ദ്രശേഖരന് എം.എല്‍.എ അധ്യക്ഷനായി. രാജ് മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്, കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്മാന് വി.വി.രമേശന്, കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി കൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.വി.ശ്രീലത, കോടോം – ബേളൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ഷൈലജ, എന്‍.എസ്.ജയശ്രീ, പി.ഗോപാലകൃഷ്ണന്, മെമ്പര്‍മാരായ കെ.എം.കുഞ്ഞികൃഷ്ണന്, പൊതു വിദ്യാഭ്യാസ സംരക്ഷണ സമിതി ജില്ലാ കോര്‍ഡിനേറ്റര്‍ പി.ദിലീപ് കുമാര്‍, ഹൊസ്ദുര്‍ഗ് ബി.പി.സി വിജയലക്ഷ്മി, മുന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.വി.ജയരാജ്, അട്ടേങ്ങാനം ജിച്ച്.എസ്.എസ്.പ്രിന്‍സിപ്പാള്‍ ക്രിസ്റ്റഫര്‍, ബേളൂര്‍ ഗവ.യു.പി സ്കൂള്‍ ഹെഡ് മാസ്റ്റര്‍ പി.ഗോപി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ സ്വാഗതവും പി.ടി.എ പ്രസിഡന്റ് എച്ച്.നാഗേഷ് നന്ദിയും പറഞ്ഞു. പി.ഡബ്ല്യൂ.ഡി ബില്‍ഡിംഗ് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ മുഹമ്മദ് മുനീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ 2019 -20 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി അനുവദിച്ച ഒരു കോടി രൂപയ്ക്കാണ് കെട്ടിടം നിര്‍മ്മിച്ചത്.