കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചെലവില്‍ കാസര്‍കോട് ഗവണ്മെന്റ് യു.പി സ്കൂളില്‍ നിര്‍മിച്ച കെട്ടിടം വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന് കുട്ടി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വികസന കുതിപ്പിന് വേഗതയും കരുത്തും ഊര്‍ജവും നല്കുന്ന പൊതുവിദ്യാഭ്യാസ സംവിധാനം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യഭ്യാസ സംവിധാനങ്ങള്‍ കാലോചിതമായി പരിഷ്കരിക്കേണ്ടതുണ്ട്. വിദ്യാഭ്യാസത്തെ തൊഴിലുമായി ബന്ധപ്പെടുത്തി മുന്നോട്ട് പോകണം. കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് തൊഴില്‍ പരിശീലനത്തിനും സംരംഭക ശേഷി വികസനത്തിനുമുള്ള പ്രത്യേക സംവിധാനം ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പാഠ്യപദ്ധതി പരിഷ്കരണത്തില്‍ ഇക്കാര്യത്തിന് പ്രത്യേക ശ്രദ്ധ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് മുനീര്‍ വടക്കുമ്പാടം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാസര്‍കോട് നഗരസഭാ ചെയര്മാന് അഡ്വ.വി.എം.മുനീര്‍, വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി പ്രഭാകരന്, കൗണ്‍സിലര്‍ എം.ശ്രീലത, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.കെ.വാസു, ജനറല്‍ എജുക്കേഷന്‍ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ പി.ദിലീപ് കുമാര്‍, ഡി.പി.സി ഡി.നാരായണ, ഡി.ഇ.ഒ എന്‍.നന്ദികേശന്, എ.ഇ.ഒ അഗസ്റ്റിന് ബര്‍ണാഡോ മൊന്‍ന്തേരോ, ബി.പി.സി.ടി പ്രകാശന്, എസ്.എം.സി ചെയര്മാന് കെ.സി ലൈജുമോന്, പി.ടി.എ പ്രസിഡന്റ് കോടോത്ത് അനില്‍ കുമാര്‍, ഒ.എസ്.എ പ്രസിഡന്റ് ഡോ. ശോഭ, എം.പി.ടി.എ പ്രസിഡന്റ് എന്‍.കെ.രജനി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എ.ശ്രീകുമാര്‍, സ്റ്റാഫ് സെക്രട്ടറി എ.ജയദേവന്, സ്കൂള്‍ ലീഡര്‍ ജി.അദിത് തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ്മോഹന്‍ സ്വാഗതവും സ്കൂള്‍ പ്രധാനാധ്യാപിക ടി.എന്‍. ജയശ്രീ നന്ദിയും പറഞ്ഞു.