CLOSE

ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയിലൂടെ സ്മാര്‍ട്ട് ഫോണ്‍ പാഠങ്ങള്‍

Share

വാര്‍ഡ്തലങ്ങളില്‍ പരിശീലന ക്ലാസുമായി ജില്ലാ പഞ്ചായത്ത്

വൈദ്യുതി ബില്ല് അടയ്ക്കല്‍, ഫോണ്‍ റീച്ചാര്‍ജ്ജ് ,ടി.വി ഡിഷ് റീച്ചാര്‍ജ്, ഇന്‍ഷുറന്‍സ് പ്രീമിയം അടവ്, ബാങ്ക് വായ്പാ അടവ്, കുടിവെള്ള ബില്ല് അടവ്, ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ്, ട്രെയിന്‍ റിസര്‍വേഷന്‍, ഹോട്ടല്‍ റൂം ബുക്കിംഗ് തുടങ്ങി നിത്യ ജീവിതത്തില്‍ സ്മാര്‍ട്ട് ഫോണിലൂടെ ഞൊടിയിടയ്ക്കുള്ളില്‍ തീര്‍ക്കാവുന്ന കാര്യങ്ങള്‍ സാധാരണക്കാര്‍ക്ക് പഠിപ്പിച്ച് നല്‍കാനൊരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത്. സ്മാര്‍ട്ട്‌ഫോണ്‍ കയ്യിലുണ്ടായിട്ടും ഓണ്‍ലൈന്‍ മുഖേനയുള്ള ബില്ല് അടവുകളും പണം കൈമാറ്റവും ഉള്‍പ്പെടെയുള്ളവ അറിയാത്തവര്‍ക്ക് ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയിലൂടെ പരിശീലനം നല്‍കും. ഫോണ്‍ ഉപയോഗിക്കുന്നവരാണെങ്കിലും സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഫോണില്‍ ചെയ്ത് തീര്‍ക്കാവുന്നവയ്ക്ക് നേരിട്ട് സ്ഥാപനങ്ങളില്‍ പോയി സമയം നഷ്ടപ്പെടുത്തുന്നത് ഇല്ലാതാക്കുകയാണ് ലക്ഷ്യം. സാങ്കേതിക വിദ്യകള്‍ പുതിയ തലമുറ സ്വായത്തമാക്കുമ്പോഴും ഇക്കാര്യങ്ങള്‍ തിരിച്ചറിയാത്ത മുതിര്‍ന്നവര്‍ക്ക് സാങ്കേതിക പരിജ്ഞാനം നല്‍കും. ജനുവരി 15 മുതല്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നല്‍കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിജിറ്റല്‍ സാക്ഷരതാ കോര്‍ ഗ്രൂപ്പിന്റെ ആലോചന യോഗം തീരുമാനിച്ചു.

ആദ്യഘട്ടത്തില്‍ ജില്ലയില്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ ജില്ലാതല സംഘാടക സമിതി രൂപീകരിക്കും. പഞ്ചായത്ത് കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനങ്ങള്‍. പഞ്ചായത്ത്, വാര്‍ഡ് തല സംഘാടക സമിതികള്‍ രൂപീകരിച്ച് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ സാക്ഷരതാ കേന്ദ്രങ്ങള്‍ വായനശാലകള്‍ എന്നിവയെ ഉള്‍പ്പെടുത്തിയായിരിക്കും പ്രാദേശികതലത്തില്‍ പരിശീലനം നല്‍കുക. വാര്‍ഡുതലങ്ങളില്‍ അമ്പത് വീടുകള്‍ക്ക് ഒരു ക്ലാസ് എന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജില്ലാതലത്തിലും പഞ്ചായത്തുതലത്തിലും വിവിധ വകുപ്പുകള്‍ ചേര്‍ന്ന് പദ്ധതിയുടെ ഏകോപനം നിര്‍വഹിക്കും.

ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന്‍, അക്ഷയ ഡി.പി.എം എസ്..നിവേദ്, നവകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, അക്ഷയ പ്രതിനിധികളായ ബി.സന്തോഷ് കുമാര്‍, എ.വി.ബാബു, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് ബി.എന്‍.സുരേഷ്, ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ കെ.രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *