CLOSE

പാലക്കുന്നില്‍ ധനുമാസ കലംകനിപ്പ് ചൊവ്വാഴ്ച

Share

പാലക്കുന്ന് : മകര മാസത്തിലെ കലംകനിപ്പ് മഹാനിവേദ്യത്തിന് മുന്നോടിയായി പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ധനുമാസത്തിലെ ചെറിയ കലംകനിപ്പ് ചൊവ്വാഴ്ച നടക്കും. രാവിലെ 10 മണിയോടെ ഭണ്ഡാര വീട്ടില്‍ നിന്നുള്ള പണ്ടാരക്കല
സമര്‍പ്പണത്തിന് ശേഷം ക്ഷേത്ര പരിധിയിലെ സമുദായംഗങ്ങളുടെ വീടുകളില്‍ നിന്ന് വ്രതശുദ്ധിയോടെ കലങ്ങള്‍ സമര്‍പ്പിക്കും. ഏറെയും
സ്ത്രീകളാണ് കലങ്ങള്‍ എത്തിക്കുന്നത്. പുത്തന്‍ മണ്‍കലത്തില്‍ കുത്തിയ പച്ചരി, ശര്‍ക്കര, തേങ്ങ, അരിപ്പൊടി, വെറ്റിലടക്ക എന്നിവ നിറച്ച് വാഴയിലകൊണ്ട് മൂടികെട്ടി കുരുത്തോലയുമായി കാല്‍നട യാത്രചെയ്താണ് കലങ്ങള്‍ എത്തിക്കുക. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് ‘മങ്ങണ’ത്തില്‍ ഉണക്കലരി കഞ്ഞിയും മാങ്ങ അച്ചാറും വിളമ്പും.
കലത്തിലെ വിഭവങ്ങള്‍ ചേര്‍ത്ത് പാകം ചെയ്‌തെടുത്ത ചോറും ചുട്ടെടുത്ത അടയും ചുറ്റമ്പലത്ത് നിരത്തി വെച്ച കലങ്ങളില്‍ നിറയ്ക്കും. അന്ന് തന്നെ സന്ധ്യ കഴിഞ്ഞ് കലശം ആടിയ ശേഷം കലങ്ങള്‍ തിരിച്ചുനല്‍കും. ഫെബ്രുവരി 4 നാണ് കലംകനിപ്പ് മഹാനിവേദ്യം.നിലവിലെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *