CLOSE

പാണത്തൂര്‍ പരിയാരത്ത് ലോറി അപകടത്തില്‍ മരണപ്പെട്ട കുടുംബത്തെ സഹായിക്കാന്‍ ജനകീയ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു

Share

രാജപുരം: പാണത്തൂര്‍ പരിയാരത്ത് ലോറി അപകടത്തില്‍പ്പെട്ട് കുടുംബ നാഥന്മാരെ നഷ്ടപ്പെട്ട് അനാഥമായ നാലു കുടുംബങ്ങളെ സഹായിക്കാന്‍ പനത്തടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച് കുടുംബ സഹായ സമിതി ബേങ്ക് അക്കൗണ്ട് തുടങ്ങിയതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അന്നന്നത്തെ വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തിയിരുന്ന പാവപ്പെട്ട ലോഡിംങ്ങ് തൊഴിലാളികളായ 4 പേരാണ് കഴിഞ്ഞ മാസം 23ന് ലോറി അപകടത്തില്‍ മരിച്ചത്. ഇവരുടെ കുടുംബങ്ങളിലെ ഏഴു കുട്ടികള്‍ രണ്ട് വയസിനും 11 വയസിനും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരുടെ കുടുംബങ്ങളുടെ ദയനീയ അവസ്ഥ മനസിലാക്കി
യാണ് ഇത്തരത്തില്‍ കുടുംബ സഹായനിധി രൂപീകരിക്കാന്‍ പനത്തടി പഞ്ചായത്ത് തീരുമാനിച്ചത്. ഓരോ കുടുംബത്തിനും പരമാവധി പത്ത് ലക്ഷം രൂപ വീതം നല്‍കാനാണ് ലക്ഷ്യമിടുന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ഇ ചന്ദ്രശേഖരന്‍ എം എല്‍ എ എന്നിവരുള്‍പ്പെടെ രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടുന്ന കമിറ്റിയുമായാണ് പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നത്. കാരുണ്യമുള്ളവരില്‍ നിന്നുള്ള സഹായം ലഭ്യമാക്കുന്നതിന് കേരള ഗ്രാമീണ്‍ ബാങ്കിന്റെ പാണത്തൂര്‍ ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 40492101054406 IFSC: KLGB0040492. നിലവില്‍ പനത്തടി പഞ്ചായത്ത് അംഗങ്ങളുടെ ഒരു മാസത്തെ ഓണറോറിയം നല്‍കാന്‍ തിരുമാനമെടുത്തതായി കുടുംബ സഹായ സമിതി ചെയര്‍മാനും പഞ്ചായത്ത് പ്രസിഡന്റുമായ പ്രസന്ന പ്രസാദ്, വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ്, ജനറല്‍ കണ്‍വീനര്‍ എം എം തോമസ്, പഞ്ചായത്തംഗങ്ങളായ കെ ജെ ജെയിംസ്, കെ കെ വേണുഗോപാലന്‍, പി തമ്പാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Leave a Reply

Your email address will not be published.