CLOSE

വെള്ളരിക്കുണ്ട് താലൂക്കിലെ കോടോംബേളൂര്‍ പഞ്ചായത്തിലെ കാലിച്ചാംപാറ മുരിക്കിറിലെ കരിങ്കല്‍ ഖനനത്തിന് എതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു

Share

രാജപുരം: വെള്ളരിക്കുണ്ട് താലൂക്ക് കോടോം ബേളൂര്‍ വില്ലേജില്‍ മുക്കുഴി- കരിയം മുരിക്കീര്‍ കാലിച്ചാംപാറ നര്‍ക്കല പ്രദേശത്തിന്റെ അടിവാരത്ത് കരിങ്കല്‍ ഖനനവും ക്രഷറും എം സാന്റ് നിര്‍മ്മാണവും ആരംഭിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. സ്ഥലപരിശോധനയ്ക്കെത്തിയ വെള്ളരിക്കുണ്ട് താലൂക്ക് തഹസീല്‍ദാരുടെയും ബേളൂര്‍ വില്ലേജ് ഓഫീസറുടേയും മുന്നില്‍ തദ്ദേശവാസികള്‍ പ്രതിഷേധം അറിയിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളുള്‍പ്പെടെ നൂറുകണക്കിന് കുടുംബങ്ങള്‍ അധിവസിക്കുന്ന ജനസാന്ദ്ര പ്രദേശത്ത് കരിങ്കല്‍ ഖനനം നടത്തുന്നതിനുള്ള അനുമതി നിഷേധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബേളൂര്‍ വില്ലേജില്‍ കുടിവെള്ള ക്ഷാമം ഏറ്റം രൂക്ഷമായ പ്രദേശത്ത് , ഭൂഗര്‍ഭ നിരപ്പില്‍ നിന്നും താഴെയായി സ്‌ഫോടനങ്ങള്‍ നടന്നാല്‍ പ്രദേശത്ത് ലഭ്യമായ ജലസ്രോതസുകള്‍ കൂടി വറ്റിവരളുമെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു . പരിസരത്തുള്ള വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും കമ്പനം മൂലം ചുമരുകള്‍ക് വിള്ളലുകള്‍ ഉണ്ടാകുകയും ചെയ്തപ്പോള്‍ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നിര്‍ത്തിവച്ച കരിങ്കല്‍ ഖനനമാണ് വന്‍തോതില്‍ പുനരാരംഭിക്കാന്‍ ഒരുങ്ങുന്നത്. പാരിസ്ഥിതിക അസന്തുലിതാവസ്ഥ സംഭവിക്കുകയും ഉരുള്‍പൊട്ടല്‍ , മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ക്ക് പ്രദേശത്തെ വന്‍കിട ഖനനം കാരണമാവുമെന്നും പണവും സ്വാധീനവും ഉപയോഗിച്ചും പാവപ്പെട്ട തദ്ദേശവാസികളെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ക്വാറി മഫിയ വന്‍ തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതെന്നും നാട്ടുകാര്‍ രേഖാമൂലം തഹസീല്‍ദാര്‍ക്ക് പരാതി നല്‍കി. പരിസരവാസികളുടെ ജീവനും സ്വത്തിനും ആരോഗ്യത്തിനും ജീവനോപാധിക്കും ഭീഷണിയായ പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ സഹായത്തോടെ ജനപ്രതിനിധികളും തദ്ദേശവാസികളും ഉള്‍പ്പെടുന്ന ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരരംഗത്തിറങ്ങാനും കോടതിയെ സമീപിക്കാനുമാണ് നാട്ടുകാരുടെ തീരുമാനം .

Leave a Reply

Your email address will not be published. Required fields are marked *