CLOSE

പെന്‍ ഫ്രണ്ട് ക്ലിക്കായി :മേലാങ്കോട്ട് കുട്ടിക്കൂട്ടം ശേഖരിച്ചത് പതിനായിരം പേനകള്‍

Share

കാഞ്ഞങ്ങാട് : ഉപയോഗം കഴിഞ്ഞ പേനകള്‍ ശേഖരിച്ച് പുനരുപയോഗത്തിനായി ഹരിത കേരളം മിഷന്‍ കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കുന്ന പെന്‍ഫ്രണ്ട് പദ്ധതി മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂളില്‍ ലക്ഷ്യം കണ്ടു. വിദ്യാലയത്തില്‍ സ്ഥാപിച്ച ശേഖരണ പെട്ടികളില്‍ നിന്നും പതിനായിരത്തിലധികം പേനകള്‍ സ്‌ക്രാപ് വ്യാപാരി തങ്ക മുത്തുവിന് കൈമാറി. വിവിധ ക്ലാസുകളില്‍ നിന്നും രണ്ടു മാസം കൊണ്ട് ശേഖരിച്ച പേനകളാണ് നീക്കം ചെയ്തത്. കോവിഡ് കാലത്ത് വീടുകളില്‍ ശേഖരിച്ചു വെച്ച ഉപയോഗശൂന്യമായ പേനകള്‍ കുട്ടികള്‍ പെന്‍ ഫ്രണ്ട് പദ്ധതിക്കായി കരുതി വെക്കുകയായിരുന്നു.
സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ കെ.വി. സുജാത ടീച്ചര്‍ സ്‌ക്രാപ് വ്യാപാരി തങ്ക മുത്തുവിന് പേനകള്‍ കൈമാറി. പ്രധാനാധ്യാപകന്‍ ഡോ. കൊടക്കാട് നാരായണന്‍ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി. സുബ്രഹ്‌മണ്യന്‍, പി.കുഞ്ഞിക്കണ്ണന്‍ , പി.ശ്രീകല സംസാരിച്ചു. സ്‌കൂള്‍ ലൈബ്രറിയിലേക്ക് നഗരസഭ ചെയര്‍ പേഴ്‌സണ്‍ സംഭാവന ചെയ്ത ലൈബ്രറി പുസ്തകങ്ങള്‍ അധ്യാപികമാരായ കെ.വി. വനജ, ഷൈലജ മൂലക്കൊവ്വല്‍ എന്നിവര്‍ ഏറ്റുവാങ്ങി. കോവിഡ് കാലത്തിനു മുമ്പും നാലു ക്വിന്റലോളം പാഴ് വസ്തുക്കള്‍ ശേഖരിച്ച് കുട്ടികള്‍ മാതൃക കാട്ടിയിരുന്നു. ബോള്‍ പേനകളുടെ ഉപയോഗം നിയന്ത്രിച്ച് മഷിപ്പേനകളും പെന്‍സിലുകളും ഉപയോഗിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളും സ്‌കൂള്‍ ഹരിത സേന ഇതിനോടൊപ്പം നടപ്പിലാക്കുന്നുണ്ട്.
പടം: മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി. സ്‌കൂള്‍ പെന്‍ ഫ്രണ്ട് പദ്ധതിയിലൂടെ ശേഖരിച്ച ഉപയോഗിച്ചു കഴിഞ്ഞ പേനകള്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ കെ.വി. സുജാത ടീച്ചര്‍ സ്‌ക്രാപ് വ്യാപാരി തങ്കമുത്തുവിന് കൈമാറുന്നു.

Leave a Reply

Your email address will not be published. Required fields are marked *