കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കര്‍ശന നിയന്ത്രണങ്ങളോടെ ജില്ലയില്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനം ആഘോഷിക്കും. കാസര്‍കോട് വിദ്യാനഗറിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ 9 ന് ചടങ്ങുകള്‍ ആരംഭിക്കും. റിപ്പബ്ലിക് ദിനാഘോഷത്തില്‍ തുറമുഖം ,പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സല്യൂട്ട് സ്വീകരിക്കും.ഒരു മണിക്കൂര്‍ നീളുന്ന ആഘോഷത്തില്‍ പൊലീസിന്റെ മൂന്ന് പ്ലാറ്റൂണും എക്സൈസിന്റെ ഒരു പ്ലാറ്റൂണും പങ്കെടുക്കും. പരേഡുകള്‍ ഉണ്ടാവില്ല. കോവിഡ് വ്യാപന സാഹചര്യമായതിനാല്‍ പരമാവധി പങ്കെടുക്കാന്‍ പറ്റുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കി.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ഇവര്‍ തിരിച്ചറിയല്‍ കാര്‍ഡ് പൊലീസ് പരിശോധനക്ക് ഹാജരാക്കണം. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടാവില്ല.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘത്തെ സ്റ്റേഡിയത്തില്‍ നിയോഗിക്കും. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ പൊലീസ് സംഘം സുരക്ഷ ഒരുക്കും.