പത്തനംതിട്ട: ജില്ലയിലെ എല്‍.ഡി.എഫ് പരിപാടികള്‍ ബഹിഷ്കരിക്കാന്‍ സി.പി.ഐ തീരുമാനിച്ചു. കൊടുമണ്ണില്‍ തങ്ങളുടെ നേതാക്കളെ മര്‍ദ്ദിച്ച സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സി.പി.ഐയുടെ ഈ തീരുമാനം. ഉഭയകക്ഷി ചര്‍ച്ചകളിലെ വ്യവസ്ഥകള്‍ സി.പി.എം പാലിക്കുന്നില്ലെന്ന് സി.പി.ഐ ആരോപിച്ചു.
കൊടുമണ്‍ അങ്ങാടിക്കലില്‍ ഒരാഴ്ചക്കാലം നീണ്ടു നിന്ന സി.പി.ഐ സി.പി.എം സംഘര്‍ഷം പരിഹരിക്കാന്‍ ജില്ലാ നേതാക്കള്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. കുറ്റക്കാരായ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ ചര്‍ച്ച നടന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴും പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ട്ടി യാതൊരു നടപടിയും എടുക്കാത്തതാണ് സി.പി.ഐയെ ചൊടിപ്പിച്ചത്.
ഈ വിഷയത്തില്‍ ഇനിയും സി.പി.എമ്മിന്റെ വാക്ക് വിശ്വസിക്കേണ്ടതില്ലെന്നാണ് സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവിന്റെ നിലപാട്. പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം പരിഗണിക്കണമെന്ന ആവശ്യം സി.പി.ഐ ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.പി.എമ്മിനോട് വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് സി.പി.ഐ കടുപ്പിച്ചത്. പത്തനംതിട്ടയില്‍ സി.പി.എം നേതാക്കള്‍ പങ്കെടുക്കുന്ന രാഷ്ട്രീയ പരിപാടികളിലും പൊതുസമ്മേളനങ്ങളിലും ഇനി സി.പി.ഐ സഹകരിക്കില്ല.