തിരുവനന്തപുരം: എച്ച് ആര്‍ ഡി എസില്‍ താന്‍ ജോലിയില്‍ പ്രവേശിച്ചതിനെതിരെയുള്ള വിവാദങ്ങള്‍ക്ക് പിന്നില്‍ ശിവശങ്കര്‍ ആണെന്ന് നൂറുശതമാനവും ഉറപ്പുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് . ഭയങ്കരമായ രീതിയില്‍ തന്നെ ആക്രമിക്കാന്‍ ഉള്ള ശ്രമം നടത്തുന്നു. വിവാദങ്ങളില്‍ ഒരുപാട് ദുഃഖമുണ്ട്. ആദ്യം പുസ്തകം എഴുതി ദ്രോഹിച്ചു. അതും പോരാതെയാണ് ഇപ്പോഴത്തെ ആക്രമണമെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.
ബി ജെ പിയുമായോ ആര്‍ എസ് എസ്സുമായോ ഒരു ബന്ധവും ഇല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പറ്റിയും അറിയില്ല. മാധ്യമങ്ങളെ കാണുന്നത് പതിവ്രത ചമയാനല്ലെന്നും സ്വപ്ന സുരേഷ് പ്രതികരിച്ചു. കുടുംബത്തെ നോക്കാന്‍ ജോലി അത്യാവശ്യം ആണ്. വിവാദങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും സ്വപ്ന പറഞ്ഞു.