കോഴിക്കോട്: മാങ്കാവിലുള്ള ഒറീസ തൊഴിലാളികളുടെ വാടക വീട്ടില്‍ നിന്നും ആറ് കിലോഗ്രാമോളം കഞ്ചാവുമായി രണ്ടു പേര്‍ പിടിയിലായി. ഒറീസയിലെ നയാഗര്‍ സ്വദേശി കാര്‍ത്തിക്ക് മാലിക്ക്, ബുക്കാഡ സ്വദേശി ബിക്കാരി സെയ്തി എന്നിവരെയാണ് സംഭവത്തില്‍ കസബ പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രജീഷിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും, നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി. ജയകുമാറിന്റെ കീഴിലുള്ള സിറ്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും (ഡന്‍സാഫ്) ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്തത്.
സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി, ജില്ലാ പൊലീസ് മേധാവി ഡിഐജി എ.വി ജോര്‍ജ്ജ് ഐപിഎസിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് നടന്നത്. കഴിഞ്ഞ ദിവസം മാങ്കാവിലെ മറ്റൊരു വീട്ടില്‍ നടന്ന റെയ്ഡില്‍, ഒന്നര കിലോഗ്രാമോളം കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും പോലീസ് കണ്ടെടുത്തിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുകയും, വില്പന നടത്തുകയും ചെയ്യുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍, ഈ പ്രദേശം ഡന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു.