കണ്ണൂര്‍: നഗരത്തില്‍ നടന്ന മയക്കുമരുന്ന് വേട്ടയില്‍ പിടിയിലായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ നടത്തിയത് ബോളിവുഡ് സിനിമാരംഗങ്ങളെ വെല്ലുന്ന പ്രകടനം. കണ്ണൂര്‍ സിറ്റി മരക്കാര്‍കണ്ടി ചെറിയ ചിന്നപ്പന്റവിടെ അന്‍സാരി, ഭാര്യ ഷബ്നയെന്ന ആതിര, പഴയങ്ങാടി സിഎച്ച് ഹൗസില്‍ മൂരിക്കാട് വിട്ടീല്‍ ശിഹാബ് എന്നിവരാണ് എംഡിഎംഎയുമായി പിടിയിലായത്. ശിഹാബ് ടൂറിസ്റ്റ് ബസ് ഡ്രൈവറാണ്.
പിടിയിലായവര്‍ കണ്ണൂര്‍ മയക്കുമരുന്ന് കേസിലെ മുഖ്യപ്രതി നിസാമില്‍ നിന്നും മയക്കുമരുന്ന് ചില്ലറയായി വാങ്ങി വില്പന നടത്തിവരികയായിരുന്നു. അന്‍സാരിയും ഭാര്യയും എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മയക്കുമരുന്ന് കേസില്‍ പിടിയിലായ അന്‍സാരിയും ഷബ്നയും കണ്ണൂര്‍ ഡിവൈഎസ്പി ഓഫീസില്‍ നെഞ്ചത്തടിച്ചും നിലവിളിച്ചും നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കുകയാണുണ്ടായത്.
തങ്ങളെ മയക്കുമരുന്ന് കേസിലെ സൂത്രധാരനായ നിസാം കേസില്‍ കുടുക്കിയെന്ന് ഇവര്‍ മാധ്യമ പ്രവര്‍ത്തകരോട് വിളിച്ചുപറഞ്ഞു. താന്‍ അന്നേ ഇതൊക്കെ വേണ്ടായെന്ന് ഭര്‍ത്താവ് അന്‍സാരിയോട് പറഞ്ഞതാണെന്ന് ആതിര കരഞ്ഞുകൊണ്ട് പോലീസിനോടും മാധ്യമപ്രവര്‍ത്തകരോടും പറഞ്ഞു. എന്നാല്‍ വളരെ കൃത്യമായ ആസൂത്രണത്തോടുകൂടിയാണ് ഇവര്‍ കഴിഞ്ഞ ആറുമാസക്കാലമായി മയക്കുമരുന്ന കച്ചവടത്തിന് ഇറങ്ങിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറയുന്നു.
250 ഗ്രാം എംഡിഎംഎ നിസാമിന്റെ സംഘത്തില്‍ നിന്നും ഇവര്‍ കൈപ്പറ്റിയതായും ഇതിന്റെ വില നിസാമിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. നിസാം ഇവരെ ഇടനിലക്കാരായി ഉപയോഗിച്ചതായാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അന്‍സാരി ദുബായിലും ഖത്തറിലുമുണ്ടായിരുന്നു.
ഇതിനിടയിലാണ് എംഡിഎംഎ വിതരണക്കാരുമായി ബന്ധമുണ്ടാക്കിയത്. കഞ്ചാവ് ഉപയോഗിച്ചിരുന്ന ഇയാള്‍ പിന്നീട് രാസലഹരി ഉപയോഗിക്കാനും വിതരണം നടത്താനും തുടങ്ങുകയായിരുന്നു. നിസാമുമായി പ്രതിദിനം ഒരു ലക്ഷം രൂപയുടെ ഇടപാട് ഇയാള്‍ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.