മലപ്പുറം: സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ദമ്പതികള്‍ പിടിയില്‍. കടലുണ്ടി നഗരം സ്വദേശികളായ ദമ്പതികളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. സഹകരണ ബാങ്കുകളുടെ വള്ളിക്കുന്ന്, ആനങ്ങാടി ബ്രാഞ്ചുകളില്‍ 2021 മെയ് മുതല്‍ 2022 ഫെബ്രുവരി മാസം വരെ 31 തവണകളായി വ്യാജ സ്വര്‍ണം പണയം വെച്ച് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വള്ളിക്കുന്ന് കടലുണ്ടി നഗരം കിഴക്കന്റപുരക്കല്‍ അഹമ്മദ് കോയയുടെ മകന് നസീര്‍ അഹമ്മദ്, ഭാര്യ അസ്മ എന്നിവരെയാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഫ്ളാറ്റില്‍ നിന്നും അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലില്‍ തൊടുപുഴ സ്വദേശിയായ ഒരാളാണ് വ്യാജ സ്വര്‍ണം പണയം വയ്ക്കാന്‍ നല്‍കിയതെന്ന് പ്രതികള്‍ പറഞ്ഞു. ഒരു ഗ്രാം വ്യാജ സ്വര്‍ണത്തിന് 500 രൂപ നിരക്കിലാണ് പണയം വയ്ക്കാനായി വ്യാജ സ്വര്‍ണം വാങ്ങിയത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും വ്യാജ സ്വര്‍ണത്തിന്റെ ഉറവിടത്തെക്കുറിച്ചും ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷിച്ചു വരികയാണ്.
പ്രതികള്‍ പണയം വെച്ച വ്യാജ സ്വര്‍ണം അന്വേഷണത്തിന്റെ തെളിവിലേക്കായി പോലീസ് കസ്റ്റഡിയില്‍ എടുത്തു. നിലവില്‍ ഈ ഉരുപ്പടികള്‍ പരിശോധയ്ക്കായി കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ ലാബിലേക്ക് അയച്ചിരിക്കുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മഞ്ചേരി ജയിലിലേക്കും പാലക്കാട് വനിത ജയിലിലേക്കും റിമാന്‍ഡ് ചെയ്തു.