CLOSE

ഒരു കോടിയോളം രൂപയുടെ തട്ടിപ്പ്: അഞ്ചുവര്‍ഷമായി പോലീസിനെ വെട്ടിച്ചു നടന്ന സ്ത്രീ അറസ്റ്റില്‍

Share

തിരുവനന്തപുരം: വിവിധ സ്ഥലങ്ങളില്‍ താമസിച്ച് ഒരു കോടിയോളം രൂപയുടെ തട്ടിപ്പു നടത്തി അഞ്ചുവര്‍ഷമായി പോലീസിനെ വെട്ടിച്ചു നടന്ന സ്ത്രീ അറസ്റ്റില്‍. പത്തനംതിട്ട കുളനട ഞെട്ടൂര്‍ സന്തോഷ് ഭവനില്‍ കല ടി നായരെ(54) പാലോട് പോലീസാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ ദിവ്യാ ഗോപിനാഥിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

2012 മുതല്‍ 2017 വരെ വട്ടപ്പാറ, വെമ്പായം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് താമസിച്ച കല നായര്‍, റെയില്‍വെയില്‍ ജോലി വാങ്ങി നല്‍കാമെന്നു വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. 15 പവന്‍ സ്വര്‍ണവും 1 ലക്ഷം രൂപയും വാങ്ങി കബളിപ്പിച്ചതായി വട്ടപ്പാറ പോലീസ് സ്റ്റേഷനിലാണ് ഇവര്‍ക്കെതിരെ ആദ്യം പരാതി ലഭിച്ചത്. തുടര്‍ന്ന് 5 വര്‍ഷമായി പോലീസിനെ വെട്ടിച്ചു നടക്കുകയായിരുന്നു.

ഈ കാലയളവില്‍ തന്നെ മറ്റു പലരില്‍ നിന്നുമായി ഒരു കോടിയോളം രൂപ തട്ടിപ്പു നടത്തിയതായാണ് പോലീസില്‍ പരാതി ലഭിച്ചിട്ടുള്ളത്. തട്ടിപ്പു നടത്തി മുങ്ങിയ ഇവര്‍ തൃശൂര്‍ ജില്ലയിലെ ചാലക്കുടി കേന്ദ്രീകരിച്ച് വിവിധ സ്ഥലങ്ങളില്‍ ആഡംബര വീടുകള്‍ വാടകക്ക് എടുത്ത് താമസിക്കുകയായിരുന്നു.

പ്രായമായതും റിട്ടയര്‍ ചെയ്തതുമായ ആള്‍ക്കാരെ പരിചയപ്പെട്ട് വശത്താക്കി അവരെ കൂടെ കൊണ്ടുവന്നു താമസിപ്പിക്കുകയും അവരുടെ സമ്പാദ്യങ്ങള്‍ കൈവശപ്പെടുത്തുകയും ചെയ്തതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിയെ അറസ്റ്റ് ചെയ്യുമ്പോള്‍ ചാവക്കാട് സ്വദേശിയായ 72 വയസുള്ള ഒരാളും ചെങ്ങന്നൂര്‍ സ്വദേശിയായ പ്രായമായ സ്ത്രീയും ഇവരോടൊപ്പം ചാലക്കുടിയിലെ വാടക വീട്ടില്‍ താമസിക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *