കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് നടന് ദിലീപ് ആലുവ പോലീസ് ക്ലബില്‍ ഹാജരായി. രാവിലെ 11.30ന് ഹാജരാകാനായിരുന്നു പോലീസ് ദിലീപിനോട് ആവശ്യപ്പെട്ടിരുന്നത്. കൃത്യസമയത്ത് തന്നെ ദിലീപ് എത്തി. തുടരന്വേഷണത്തിന്റെ ഭാഗമായി ആദ്യമായാണ് ദിലീപിനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്.
സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടോയെന്ന് കണ്ടെത്തുകയാണ് തുടരന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം. ബാലചന്ദ്രകുമാര്‍ നല്കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം പുരോഗമിക്കുന്നത്.
15ന് അകം അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. കോടതിയില്‍നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്നതായി നേരത്തേ തന്നെ അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈശമുണ്ടോയെന്നാണ് പരിശോധിക്കുന്നത്.