മഞ്ചേരി: നഗരസഭാംഗത്തെ ബൈക്കിലെത്തിയ സംഘം അക്രമിച്ചു മാരകമായി പരുക്കേല്‍പ്പിച്ചു. 16-ാം വാര്‍ഡ് യുഡിഎഫ് കൗണ്‍സിലര്‍, തലാപ്പില്‍ അബ്ദുല്‍ ജലീലിനാണ് വെട്ടേറ്റത്. വാഹന പാര്‍ക്കിംഗ് സംബന്ധിച്ച തര്‍ക്കമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ, ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്, പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
തലയ്ക്കും നെറ്റിക്കും ഗുരുതരമായി പരുക്കേറ്റ നിലയിലാണ് ജലീലിനെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ജലീല്‍ അബോധാവസ്ഥയിലായിരുന്നു. ഇന്നലെ രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയില്‍ വെച്ചാണ് സംഭവം. കാറില്‍ 3 സുഹൃത്തുക്കളുടെ കൂടെ സഞ്ചരിക്കുകയായിരുന്നു ജലീല്‍.
ബൈക്കിലെത്തിയ സംഘം ഇവരെ വെട്ടിയെന്നാണ് പോലീസ് സംശയിക്കുന്നത്. കാറില്‍ കൗണ്‍സിലറെ കൂടാതെ മൂന്ന് പേര് ഉണ്ടായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറിന്റെ പിറക് വശത്തെ ചില്ല് തകര്‍ത്തിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.