CLOSE

വീട്ടില്‍ അതിക്രമിച്ച് കയറി മുന്‍കാമുകന്‍; വീട്ടമ്മയ്ക്ക് വെട്ടേറ്റു

Share

കൊല്ലം: വീട്ടില്‍ അതിക്രമിച്ചുകയറിയ മുന്‍കാമുകന്‍ ബംഗാള്‍ സ്വദേശിയെ വെട്ടാന്‍ ശ്രമിച്ചു. തടസം പിടിക്കുന്നതിനിടെ തലയ്ക്ക് വേട്ടേറ്റ വീട്ടമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലം ഓയൂര്‍ കരിങ്ങന്നൂര്‍ ഷഹാന മന്‍സിലില്‍ ജഹാനയ്ക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ കോടനാട് ആലാട്ടിച്ചിറ ചക്കര ഹൗസില്‍ വിപിന്‍ എന്നയാളെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

നാല് വര്‍ഷം മുമ്പ് റോഡ് പണിക്കായി ഓയൂരിലെത്തിയ വിപിന്‍ വാടകയ്ക്ക് താമസിച്ചിരുന്നത് ജഹാനയുടെ വീടിന് സമീപത്തായിരുന്നു. ഇവര്‍ക്ക് ഭര്‍ത്താവും രണ്ട് കുട്ടികളുമുണ്ടായിരുന്നു. ജഹാനയുമായി വിപിന്‍ പരിചയപ്പെട്ടു. ഇവര്‍ തമ്മില്‍ പ്രണയത്തിലാകുകയും ചെയ്തു. വിപിനുമായുള്ള ജഹാനയുടെ അടുപ്പമറിഞ്ഞ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചു. തുടര്‍ന്ന് വിപിനും ജഹാനയും ഒരുമിച്ച് താമസം തുടങ്ങി. എന്നാല്‍ അതിനിടെ ജഹാന ബംഗാള്‍ സ്വദേശിയായ മറ്റൊരു യുവാവുമായി പ്രണയത്തിലായി.

വിപിന്‍ ജോലിക്കും നാട്ടിലും പോയിരുന്ന സമയത്ത് ബംഗാള്‍ സ്വദേശി ജഹാനയുടെ വീട്ടില്‍ വന്നു തുടങ്ങി. ഈ വിവരം സമീപവാസികള്‍ വിപിനെ അറിയിച്ചു. ഇതേച്ചൊല്ലി വിപിനും ഷഹാനയും തമ്മില്‍ വഴക്ക് ഉണ്ടാകുകയും വിപിന്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഏറെ കാലമായി ഇരുവരും തമ്മില്‍ ബന്ധമില്ലായിരുന്നു. ഇതിനിടെ ബംഗാള്‍ സ്വദേശി ജഹാനയ്ക്കൊപ്പം താമസം തുടങ്ങി. ഫോണില്‍ വിളിച്ചിട്ട് എടുക്കാത്തത് ചോദ്യം ചെയ്തുകൊണ്ടാണ് വിപിന്‍ ജഹാനയുടെ കരിങ്ങന്നൂരിലെ വീട്ടിലെത്തിയത്. ഈ സമയം ബംഗാള്‍ സ്വദേശി വീട്ടിലുണ്ടായിരുന്നു.

വീട്ടമ്മയെ വിപിന്‍ ആക്രമിക്കാന്‍ ശ്രമിച്ചതോടെ ബംഗാള്‍ സ്വദേശിയുമായി അടിപിടിയുണ്ടായി. ഇതിനിടെ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് വിപിന്‍ ബംഗാള്‍ സ്വദേശിയെ കുത്താന്‍ ഒരുങ്ങി. ഇതിന് തടസം പിടിക്കാനെത്തിയ ജഹാനയുടെ തലയ്ക്ക് വെട്ടേല്‍ക്കുയാണ് ഉണ്ടായത്. സംഭവം അയല്‍വാസികള്‍ പൂയപ്പള്ളി പോലീസില്‍ അറിയിച്ചു.

പോലീസ് സംഘം സ്ഥലത്തെത്തി ജഹാനയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിലുള്ള വിരോധം കാരണമാണ് വീട്ടമ്മയെ വിപിന്‍ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ ജഹാനയുടെ വീടിന് വിപിന്‍ തീയിട്ടിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘമാണ് തീയണച്ചത്. സംഭവസ്ഥലത്ത് നിന്ന് തന്നെ പോലീസ് വിപിനെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published.