കോഴിക്കോട്: യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനും സുഹൃത്തിനും കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കല്പുഴായി കല്ലുരുട്ടി പുല്പറമ്പില് പ്രജീഷിനെയാണ് (36) കോടതി ശിക്ഷിച്ചത്.
ഏഴു വര്‍ഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോഴിക്കോട് ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ അനില്‍കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി സുഹൃത്ത് കല്ലുരുട്ടി വാപ്പാട്ട് ദിവ്യയെ (33) അഞ്ചു വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.
2019 മേയ് 25-ന് ഒന്നാം പ്രതിയുടെ കല്ലുരുട്ടിയിലെ വീട്ടില്‍ കിണറ്റില്‍ ചാടി ഭാര്യ നീന (28) ആത്മഹത്യ ചെയ്ത കേസിലാണ് വിധി. ഒന്നും രണ്ടും പ്രതികളുമായുള്ള ബന്ധം ചോദ്യം ചെയ്ത വിരോധത്തില്‍ ഒന്നാം പ്രതി, ഭാര്യ നീനയെ ശാരീരികമായി ഉപദ്രവിക്കുകയും പ്രതികള്‍ ചേര്‍ന്ന് മാനസികമായി പീഡിപ്പിക്കുകയും മരണത്തിന് പ്രേരിപ്പിക്കുകയും ചെയ്തതിനാല്‍ നീന ആത്മഹത്യ ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്.
പിഴസംഖ്യ ഒന്നാം പ്രതിയുടെയും മരിച്ച നീനയുടെയും കുട്ടികള്‍ക്ക് നല്‍കണം. പിഴസംഖ്യ നല്‍കിയില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവുകൂടി അനുഭവിക്കണമെന്നും കോടതി വിധിയില്‍ പറയുന്നു. മുക്കം പോലീസ് എടുത്ത കേസില്‍ 20 സാക്ഷികളെ വിസ്തരിച്ചു. 30 രേഖകളും രണ്ടു തൊണ്ടി സാധനങ്ങളും ഹാജരാക്കി.