CLOSE

പുതിയ മദ്യശാലകള്‍ തുടങ്ങാനുളള തീരുമാനം വ്യാപക അഴിമതി നടത്താന്‍ വേണ്ടി: വി ഡി സതീശന്‍

Share

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിനും ബസ് ചാര്‍ജ് വര്‍ധനവിനുമെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിപക്ഷം. ജനങ്ങളെ പ്രയാസപ്പെടുത്താനുള്ള നടപടികളെടുക്കുന്നതില്‍ സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന് പറഞ്ഞു, എല്ലാം ശരിയാക്കി. ഇന്ധനവില കുറയ്ക്കുന്നില്ല. ബസ് ചാര്‍ജും വര്‍ധിപ്പിച്ചു. രണ്ടര കിലോമീറ്ററിനാണ് ചാര്‍ജ് കൂട്ടിയത്. മിനിമം ചാര്‍ജ് 10 രൂപയാക്കി കൂട്ടിയത് സര്‍ക്കാര്‍ ആലോചിക്കാതെയെടുത്ത നടപടിയാണ്. നിരവധി അപാകതകളുള്ള തീരുമാനമാണിത്. അതിലെല്ലാം പരിഹാരമുണ്ടാകണം- വി ഡി സതീശന്‍ പറഞ്ഞു.

മദ്യനയത്തിനെതിരെ യാതൊരു കൂടിയാലോചനകളും ചര്‍ച്ചകളും നടന്നിട്ടില്ല. കേരളത്തില്‍ വ്യാപകമായി മദ്യശാലകള്‍ തുറക്കാനുള്ള നീക്കമാണ്. കഴിഞ്ഞ പ്രാവശ്യം അഴിമതി ആരോപണത്തിന്റെ പേരില്‍ തഴയപ്പെട്ട ബ്രൂവെറികളും ഡിസ്റ്റലറികളും പുതിയ കുപ്പായമിട്ട് തുറക്കാനുള്ള ശ്രമമാണ്. തുടര്‍ഭരണം കിട്ടിയതിന്റെ അഹങ്കാരമാണിത്.

‘നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമായി വ്യാപകമായി ബാറുകളുള്ള സംസ്ഥാനമാണ് കേരളം. ബിവറേജസ് കോര്‍പറേഷന്റെ റീട്ടെയില്‍ ഔട്‌ലെറ്റുകള്‍ ധാരാളമായി കേരളത്തിലുണ്ട്. ബാറുകളുടെ എണ്ണം കുറവാണെന്നോ മദ്യത്തിന്റെ ലഭ്യത കുറവെന്നോ ഒരു വിഷയം കേരളത്തിലില്ല. പുതിയ മദ്യശാലകള്‍ തുടങ്ങാനുള്ള ഇപ്പോഴത്തെ തീരുമാനം വ്യാപക അഴിമതി നടത്താന്‍ വേണ്ടിയാണ്’- വി ഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.