CLOSE

നീന പ്രസാദിന്റെ മോഹിനിയാട്ട വിവാദം: മുദ്രാവാക്യങ്ങള്‍ വേദനിപ്പിച്ചു, അഭിഭാഷകരുടെ സമരത്തെ വിമര്‍ശിച്ച് ജഡ്ജി കലാം പാഷ

Share

പാലക്കാട്: ഡോ. നീന പ്രസാദിന്റെ മോഹിനിയാട്ടം തടസപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് കോടതിയിലെ അഭിഭാഷകരുടെ സമരത്തെ വിമര്‍ശിച്ച് പാലക്കാട് ജഡ്ജി കലാം പാഷ. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് കോടതി വളപ്പില്‍ നടന്നത്. വേദനിപ്പിക്കുന്ന മുദ്രാവാക്യങ്ങളുമായാണ് അഭിഭാഷകര്‍ തനിക്കെതിരെ പ്രകടനം നടത്തിയത്. താന്‍ സകല കലകളെയും ബഹുമാനിക്കുന്ന ആളാണ്. അടിസ്ഥാനമില്ലാത്ത കാര്യത്തിനായിരുന്നു കോടതി വളപ്പിലും പുറത്തുമുള്ള പ്രതിഷേധം.

അഭിഭാഷകര്‍ സ്വയം ആത്മ പരിശോധന നടത്തണമെന്നും കലാം പാഷ പറഞ്ഞു. നിയമ വിദ്യാര്‍ത്ഥികള്‍ക്കായി ബാര്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നിയമപ്രകാരം കളക്ടറെയും എസ്പിയെയും ഉപയോഗിച്ച് കോടതിയിലെ സമരത്തിനെതിരെ നടപടി എടുപ്പിക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നാല്‍ ഏറ്റവും വേദനിക്കുന്നത് ഞാനായിരുന്നു’- കലാം പാഷ പറഞ്ഞു.

പ്രശസ്ത നര്‍ത്തകി ഡോ. നീന പ്രസാദിന്റെ നൃത്തം തടഞ്ഞതിനെതിരെ പാലക്കാട് കോടതിക്ക് മുന്നില്‍, ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പാലക്കാട് ഗവ.മോയന്‍ എല്‍.പി സ്‌കൂളില്‍ നടന്ന നൃത്ത പരിപാടിയാണ് വിവാദമായത്. ജില്ലാ ജഡ്ജി കലാം പാഷയുടെ നിര്‍ദ്ദേശമനുസരിച്ചാണ് നൃത്തം തടഞ്ഞതെന്ന ആരോപണവുമായി നീന ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. നടപടി ജനാധിപത്യ വിരുദ്ധമാണെന്നായിരുന്നു അഭിഭാഷകരുടെ ആരോപണം.

പിന്നാലെ, നൃത്തം തടസപ്പെടുത്തിയ സംഭവത്തില്‍ പങ്കില്ലെന്ന് പറഞ്ഞ് കലാം പാഷ രംഗത്തുവന്നു. ബാര്‍ അസോസിയേഷന് അയച്ച കത്തിലാണ് ജഡ്ജി ഇക്കാര്യം വ്യക്തമാക്കിയത്. ‘തന്റെ ജീവനക്കാരന്‍ പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിരുന്നു. മതപരമായ കാരണങ്ങളാലാണ്, നൃത്തം തടസ്സപ്പെടുത്തിയതെന്ന അടിസ്ഥാന രഹിതമായ ആരോപണം വല്ലാതെ വേദനിപ്പിക്കുന്നതാണ്.’

‘ആറു വര്‍ഷം കര്‍ണാടക സംഗീതം അഭ്യസിച്ചിട്ടുള്ളയാളാണ് ഞാന്‍. ഭരതനാട്യത്തില്‍ അരങ്ങേറ്റവും നടത്തിയിട്ടുണ്ട്. കോടതി വളപ്പിലെ പ്രതിഷേധം ശരിയായ നടപടിയല്ല.’ കോടതിയിലെ അഭിഭാഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനമാണ് അദ്ദേഹം കത്തില്‍ ഉന്നയിക്കുന്നത്.

Leave a Reply

Your email address will not be published.