കൊച്ചി: നടന് ദിലീപ് ഫോണില്‍നിന്ന് 12 നമ്പരിലേക്കുള്ള ചാറ്റുകള്‍ ഡിലീറ്റ് ചെയ്തുവെന്ന് റിപ്പോര്‍ട്ട്. വീണ്ടെടുക്കാനാവാത്ത വിധം ഇവ നീക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന് സിഇഒയുമായുള്ള സംഭാഷണങ്ങളും നീക്കം ചെയ്തവയിലുണ്ട്. കേസിലെ മറ്റൊരു പ്രതി സായ് ശങ്കറിനെതിരെ ആലുവ മജിസ്ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്.
ദിലീപിന്റെ ദുബായിയിലുള്ള ദേ പുട്ട് സ്ഥാപനത്തിന്റെ പങ്കാളിയുമായുള്ള സംഭാഷണങ്ങളും ചാറ്റുകളും വീണ്ടെടുക്കാനാകാത്ത വിധം നശിപ്പിച്ചുവെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. ദുബായിയിലുള്ള നാലുപേരുടെ ചാറ്റുകള്‍ മായ്ച്ചുകളഞ്ഞിട്ടുണ്ട്. ഇവിടെ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശിയായ വ്യവസായിയുമായി നടത്തിയ ആശയവിനിമയങ്ങളും ഫോണില്‍നിന്ന് നീക്കി.
കൂടാതെ സഹോദരീ ഭര്‍ത്താവ് സുരാജിന്റേത് ഉള്‍പ്പെടെ നാട്ടിലുള്ളവരുമായി നടത്തിയ ചാറ്റുകള്‍ നിലവില്‍ ഫോണില്‍ ലഭ്യമല്ല. ദേ പുട്ടിന്റെ പങ്കാളിയുമായുള്ള ചാറ്റുകള്‍ നശിപ്പിച്ചതില്‍ സംശയം തോന്നാതിരിക്കാനാണ് ഇതിനോട് ചേര്‍ന്നുള്ള മറ്റ് നമ്പരുകളിലെ ചാറ്റുകള്‍ നീക്കം ചെയ്തതെന്ന് ക്രൈംബ്രാഞ്ച് സംഘം സംശയിക്കുന്നു. ഇതില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് പറയുന്നു.