കൊച്ചി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എക്സൈസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഇതിനായി കമ്മീഷനെ നിയമിക്കാന്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ 50% വ്യാജമാണെന്ന സംശയവും കോടതി പ്രകടിപ്പിച്ചു.
എക്സൈസ് ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ ആരെയും പ്രതികളാക്കാവുന്ന അവസ്ഥയാണ്. അകാരണമായി തടവില്‍ കഴിയുന്നവരുടെ മാനസികാഘാതം വലുതാണ്. എത്ര രൂപ നഷ്ടപരിഹാരം നല്കിയാലും അത് പരിഹരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റീസ് പി.വി കുഞ്ഞികൃഷ്ണന് പറഞ്ഞു. 2006, 2010 വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജ ചാരായ കേസുകളിലാണ് കോടതി ഉത്തരവ്. കേസുകളില്‍ ജയിലില്‍ കിടന്നവര്‍ ജാമ്യം നേടിയ ശേഷം നല്കിയ പരാതിയില്‍ പുനരേന്വഷണത്തില് കേസുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
ഒരു കേസില്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥന് വ്യാജചാരായം വീട്ടില്‍ കൊണ്ടുപോയി വച്ചശേഷം ഗൃഹനാഥനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റൊരു കേസില്‍ വ്യാജവാറ്റിനെതിരെ പരാതി നല്കിയ ആളെ എക്സൈസ് ഉദ്യോഗസ്ഥനും വാറ്റുകാരനും ചേര്‍ന്ന് വ്യാജവാറ്റ് വീട്ടില്‍ വച്ചശേഷം കേസില്‍ കുടുക്കുകയായിരുന്നു.
ഈ രണ്ട് കേസുകളില്‍ 2.5 ലക്ഷം രൂപ വീതം ഇരുവര്‍ക്കും നഷ്ടപരിഹാരം നല്കാന് ഉത്തരവായിട്ടുണ്ട്. ഈ നഷ്ടപരിഹാരത്തിന് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കരുത്. രണ്ട് മാസത്തിനകം സര്‍ക്കാര്‍ ഇവര്‍ക്ക് നഷ്ടപരിഹാരം നല്കിയ ശേഷം ആ പണം എക്സൈസസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണെന്നും കോടതി നിര്‍ദേശിച്ചു.