ആലുവ: വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ വയോധികയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്വര്‍ണമാല മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. അമ്പാട്ടുകാവിലെ ദേശീയപാതയില്‍ പത്തനംതിട്ട സ്വദേശിനി തുളസി (65) യെയാണ് വാഹനമിടിച്ചത്. ഇവരെ ആശുപത്രിയിലെത്തിച്ച അമ്പാട്ടുകാവ് മാങ്കായിപ്പറമ്ബ് അനില്‍കുമാര്‍ (46) ആണ് മാല കവര്‍ന്നതിന് അറസ്റ്റിലായത്. ആലുവ പൊലീസ് ആണ് പിടികൂടിയത്.
കഴിഞ്ഞ 30ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തുളസിയെ ആശുപത്രിയിലെത്തിക്കാന്‍ അനില്‍കുമാര്‍ സ്വയം മുന്നോട്ടുവരികയായിരുന്നു. അതുവഴിവന്ന കാറിലാണ് ആശുപത്രിയില്‍ എത്തിച്ചത്. യാത്രാമധ്യേ തുളസി മരണമടഞ്ഞു. മരണാനന്തര ചടങ്ങുകള്‍ക്കിടയിലാണ് മാല കാണാതായ വിവരം ബന്ധുക്കള്‍ അറിയുന്നത്. തുടര്‍ന്ന്, പൊലീസില്‍ പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍, പരിക്കേറ്റ് കിടക്കുമ്ബോള്‍ തുളസിയുടെ കഴുത്തില്‍ മാലയുണ്ടായിരുന്നുവെന്നും ആശുപത്രിയിലെത്തിയപ്പോള്‍ മാല ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. യാത്രാമധ്യേ, അനില്‍കുമാര്‍ മാല ഊരിയെടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തുളസിയെ ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. ഈ വാഹനമോടിച്ച പൊയ്ക്കാട്ടുശേരി ചുണ്ടംതുരുത്തില്‍ അഭിരാമി (22) നെയും പൊലീസ് പിടികൂടി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.