തിരുവനന്തപുരം: വനിതാ കമ്മിഷന് അംഗം ഷാഹിദ കമാലിനെതിരായ പരാതി ലോകായുക്ത തള്ളി. ഷാഹിദയുടെ ഡോക്ടറേറ്റ് വ്യാജമെന്നായിരുന്നു പരാതി. പരാതിക്കാരിക്ക് വിജിലന്‍സിനെയോ ക്രൈംബ്രാഞ്ചിനെയോ സമീപിക്കാമെന്ന് ലോകായുക്ത വ്യക്തമാക്കി. വിദ്യാഭ്യാസ യോഗ്യതകള്‍ സംബന്ധിച്ച പരാതികള്‍ പരിഗണിക്കാനുള്ള സംവിധാനം ലോകായുക്തയില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്. ഡോക്ടറേറ്റ് വ്യാജമെന്ന് തെളിയിക്കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്നും ലോകായുക്ത നിരീക്ഷിച്ചു.
തിരഞ്ഞെടുപ്പിന് കമ്മീഷന് നല്കിയ നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പമുള്ള സത്യവാങ്മൂലത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും സംബന്ധിച്ച ചില വ്യാജ വിവരങ്ങളുണ്ടെന്നും ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെയോ ജനപ്രാതിനിധ്യ നിയമം പരിഗണിക്കുന്ന കോടതികളെയോ സമീപിക്കാമെന്ന നിര്‍ദേശംകൂടി ലോകായുക്ത നല്‍കിയിട്ടുണ്ട്.