CLOSE

ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകള്‍ക്കും ഹിന്ദിഭാഷയ്ക്കുള്ള തുല്യപ്രാധാന്യവും പ്രസക്തിയുമുണ്ടെന്ന് എ എ റഹീം

Share

തിരുവനന്തപുരം: ഇംഗ്ലീഷിന് പകരം ഹിന്ദി പൊതുഭാഷയായി ഉപയോഗിക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിനെതിരെ രാജ്യസഭാ അംഗവും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റുമായ എ എ റഹീം. അമിത് ഷായുടെ പ്രഖ്യാപനം ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് എതിരാണെന്നും ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു സംസ്‌കാരം എന്ന സംഘപരിവാര്‍ അജണ്ട അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ എന്ന രാഷ്ട്രീയ ലക്ഷ്യമാണ് അമിത് ഷാ ആവര്‍ത്തിക്കുന്നതെന്നും ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകള്‍ക്കും ഹിന്ദിഭാഷയ്ക്കുള്ള തുല്യപ്രാധാന്യവും പ്രസക്തിയുണ്ടെന്നും എ എ റഹീം പറഞ്ഞു. ഭാഷാപരമായ വൈവിധ്യത്തെ തകര്‍ക്കാന്‍ അനുവദിക്കരുതെന്നും. ഭരണഘടനയുടെ ഹൃദയമായ ബഹുസ്വരതയെ സംരക്ഷിക്കണമെന്നും റഹീം കൂട്ടിചേര്‍ത്തു.

അവശ്യവസ്തുക്കളുടെ വിലവര്‍ധനയും ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നുള്ള ചര്‍ച്ചകളെ വഴിതിരിക്കാനാണ് ഇത്തരം പ്രസ്താവനകളെന്നും എ എ റഹീം ആരോപിച്ചു. ഹിന്ദി ഭാഷ എല്ലാവരിലും അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരെയും വര്‍ഗീയതയ്‌ക്കെതിരെയും ശബ്ദമുയര്‍ത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

പാര്‍ലമെന്റിന്റെ ഔദ്യോഗിക ഭാഷാ കമ്മിറ്റിയുടെ 37മത് യോഗത്തിലായിരുന്നു അമിത് ഷായുടെ ഹിന്ദിയെ കുറിച്ചുള്ള പ്രതികരണം. മറ്റ് ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പൗരന്മാര്‍ പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ അത് ഇന്ത്യയുടെ ഭാഷയിലായിരിക്കണം. എന്നാല്‍, പ്രാദേശിക ഭാഷകള്‍ക്കല്ല, ഇംഗ്ലീഷിന് പകരമായാണ് ഹിന്ദിയെ സ്വീകരിക്കേണ്ടതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published.