ആലപ്പുഴ: കെഎസ്ആര്‍ടിസിയിലെ യാത്രയ്ക്കിടെ ബസിന്റെ പേരെഴുതിയ ബോര്‍ഡ് ഇളകി വീണ് യാത്രക്കാരിക്ക് പരിക്ക്. പൊങ്ങതെക്കേമറ്റം ശോശാമ്മ വര്‍ഗീസിനാണ് (58) പരിക്കേറ്റത്. ഇവരെ ബസ് ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്കി. വെള്ളിയാഴ്ച വൈകിട്ട്, കൈതവന ഭാഗത്തെ കുഴിയില്‍ ബസ് ഇറങ്ങിയപ്പോഴാണ് സ്ഥലപ്പേരുകള്‍ എഴുതിയ ബോര്‍ഡ് ഇളകി ശോശാമ്മയുടെ തലയിലേക്ക് വീണത്.
ബോര്‍ഡ് വച്ച പെട്ടിയുടെ കുറ്റി ഇളകിയതാണ് കാരണം. ആശുപത്രിയില്‍ ശോശാമ്മക്കൊപ്പം കണ്ടക്ടര്‍ മഞ്ജുള നില്ക്കുമ്പോള്, ഡ്രൈവര്‍ തങ്കച്ചന് മറ്റു യാത്രക്കാരെ സ്റ്റാന്‍ഡില്‍ എത്തിക്കുകയും ചെയ്തു. കണ്ടക്ടര്‍ വിവരം അറിയിച്ചത് അനുസരിച്ച് വീട്ടുകാര്‍ അയച്ച ഓട്ടോറിക്ഷയിലാണ് ശോശാമ്മ മടങ്ങിയത്. അതേസമയം, കാലപ്പഴക്കമുള്ള ബസുകളൊന്നും സര്‍വീസ് നടത്തുന്നില്ലെന്ന് ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതര്‍ പറഞ്ഞു.
‘കഴിഞ്ഞ ദിവസം, യാത്രക്കാരിയുടെ തലയില്‍ ബോര്‍ഡ് ഇളകി വീണത് യാദൃച്ഛികമായി സംഭവിച്ചതാണ്. 17 വര്‍ഷമാണ് ബസുകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന കാലാവധി. ഇത്രയും വര്‍ഷം പഴക്കമുള്ള ബസുകള്‍ ഇവിടെയില്ല.’ ദിവസവും സര്‍വീസിന് മുന്‍പ് ബസുകള്‍ പരിശോധിക്കാറുണ്ടെന്നും യഥാസമയം അറ്റകുറ്റപ്പണി നടത്താറുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.