CLOSE

സില്‍വര്‍ ലൈന്‍; കേരളത്തിന് ആവശ്യമുളള വികസന പദ്ധതി, പിന്തുണച്ച് യെച്ചൂരി

Share

കണ്ണൂര്‍ : എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈനിന് സിപിഐ എം ജനറല്‍ സെകട്ടറി സീതാറാം യെച്ചൂരിയുടെ പൂര്‍ണ്ണ പിന്തുണ. കേരളത്തിന് ആവശ്യമായ വികസന പദ്ധതിയാണ് സില്‍വര്‍ലൈനെന്ന് യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇടത് സര്‍ക്കാരിന് താല്‍പ്പര്യമുള്ള പദ്ധതി മാത്രമല്ല സില്‍വര്‍ ലൈന്‍. കേരളത്തിന്റെ വികസനങ്ങള്‍ക്ക് ആവശ്യമായ പദ്ധതി കൂടിയാണ്. കേരളാ വികസനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. സില്‍വര്‍ലൈന്‍ അതിനാവശ്യമായ പദ്ധതിയാണ്.

കേരളത്തിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിയേയും മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയില്‍ പദ്ധതിയേയും തമ്മില്‍ താരതമ്യപ്പെടുത്തരുതെന്നും യെച്ചൂരി അഭ്യര്‍ത്ഥിച്ചു. രണ്ട് പദ്ധതികളുടേയും സാഹചര്യം വ്യത്യസ്തമാണെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി നല്‍കുന്ന വിശദീകരണം. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭൂമിയേറ്റെടുക്കല്‍ വ്യവസ്ഥയിലാണ് എതിര്‍പ്പുയര്‍ത്തിയതെന്നും കെ റെയില്‍ പദ്ധതിയുടെ ഭൂമിയേറ്റെടുക്കല്‍ വ്യവസ്ഥകള്‍ തീരുമാനിക്കുന്നതേയുള്ളൂവെന്നും യെച്ചൂരി വിശദീകരിച്ചു. നിലവില്‍ സര്‍വേ മാത്രമാണ് നടക്കുന്നതെന്നും മറ്റെല്ലാം പിന്നീടാണെന്നും യെച്ചൂരി ആവര്‍ത്തിച്ചു.

ഇടത് ജനാധിപത്യ ബദല്‍ രാജ്യത്ത് സാധ്യമാക്കാനാണ് ശ്രമമെന്ന് യെച്ചൂരി വിശദീകരിച്ചു. രാജ്യത്ത് സിപിഎമ്മിന്റെ വര്‍ഗ ബഹുജന സംഘടനകളുടെ ഭാഗമായി തൊഴിലാളികളും അങ്കണ്‍വാടി ജീവനക്കാരും കര്‍ഷകരുമെല്ലാം ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം വര്‍ഗീയ വിഷയങ്ങള്‍ ഉയര്‍ത്തി ഹൈജാക്ക് ചെയ്യുകയാണ്. അതിനാണ് ഹിജാബ് പോലുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. അത് നേതൃ തലത്തില്‍ നടത്തേണ്ടതല്ല. ജനങ്ങള്‍ക്കിടയില്‍ താഴേത്തട്ടില്‍ നടക്കേണ്ടതാണ്. ജനങ്ങളുടെ പ്രയാസങ്ങള്‍ ഉന്നയിച്ച് അവരെ അണിനിരത്തി പ്രതിഷേധങ്ങള്‍ നടത്തിയാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക. ഇതിലൂടെയാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്.

ഹിന്ദി ഭാഷാ സ്വാധീന മേഖലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കും. ഈ മേഖലയിലെ സംസ്ഥാന നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കും. ഹിന്ദുത്വ വര്‍ഗീയ അജണ്ടയെ പ്രതിരോധിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന വിഷയങ്ങളിലേക്ക് ശ്രദ്ധ മാറ്റിയെടുക്കേണ്ടെതുണ്ടെന്നും യെച്ചൂരി പറഞ്ഞു. അസമില്‍ വര്‍ഗീയത ശക്തിപ്പെട്ട് വരികയാണ്. അതിന് ഭാവിയില്‍ വളരെയേറെ പ്രത്യാഘാതം ഉണ്ടാവും. അതിനെ പ്രതിരോധിക്കേണ്ടതുണ്ട്. കര്‍ഷക നയങ്ങള്‍ക്കെതിരായ പ്രതിഷേധം കര്‍ഷ സംഘടനകള്‍ സംയുക്തമായാണ് നടത്തിയത്. അതിന് മുന്‍പ് ഇത്തരത്തില്‍ സംഘടിക്കാന്‍ കര്‍ഷക സംഘടനകള്‍ക്ക് ശക്തിയേകിയത് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പ്രതിഷേധങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് മതേതര സമൂഹം ഒന്നിക്കേണ്ടതുണ്ട്. ഹിന്ദുത്വ വര്‍ഗീയതക്കെതിരെ രാജ്യം ഒന്നിയ്ക്കണം. ഇടതു ജനാധിപത്യ ബദല്‍ രാഷ്ട്രീയ പാര്‍ട്ടികളെ കൊണ്ട് മാത്രം നടക്കുന്നതല്ല. ഹിജാബും, മാംസം കഴിയ്ക്കുന്നതുമൊക്കെയാണ് ബി ജെ പിയ്ക്ക് പ്രശ്‌നം. ഇതാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയായതും. തൊഴിലില്ലായ്മയും , ദാരിദ്ര്യവുമൊന്നും അവര്‍ക്ക് പ്രശ്‌നമില്ല. ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി താഴേത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമം. പ്രാദേശിക പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണാന്‍ പാര്‍ട്ടി ശ്രമിക്കും. പാര്‍ട്ടി കോണ്‍ഗ്രസില്‍ ആ തീരുമാനം ഉണ്ടായെന്നും യെച്ചൂരി പറഞ്ഞു.

Leave a Reply

Your email address will not be published.