കൊച്ചി: വധഗൂഢാലോചന കേസില്‍ ഹാക്കര്‍ സായ് ശങ്കര്‍ മൊഴി നല്കാന് ഇന്ന് ഹാജരാകില്ല. മറ്റൊരു ദിവസം മൊഴി നല്കാന് ഹാജരാകാമെന്ന് സായ് ശങ്കര്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. നടന് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതില്‍ സായ് ശങ്കറിന്റെ രഹസ്യമൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു . എറണകുളം സി ജെ എം കോടതി രണ്ടിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 11ന് ശേഷം മൂന്ന് മണിയ്ക്ക് ആരംഭിച്ച മൊഴിയെടുപ്പ് വൈകിട്ട് ആറ് മണി വരെ നീണ്ടു നിന്നു.
ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും ദിലീപിന് എതിരെ തെളിവുകളുള്ള തന്റെ ലാപ്ടോപ്പ് രാമന്‍പിള്ള അസോസിയേറ്റ്സ് പിടിച്ചു വെച്ചിരിക്കുകയാണെന്നുമാണ് സായ് ശങ്കര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി. അഭിഭാഷകര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തെന്നും കോടതിരേഖകള്‍ ഉള്‍പ്പെടെ ഫോണില്‍ ഉണ്ടായിരുന്നുവെന്നും സായ് ശങ്കര്‍ പറഞ്ഞിരുന്നു.