CLOSE

ശ്യാമള്‍ മണ്ഡല്‍ വധക്കേസില്‍ പ്രതി മുഹമ്മദ് അലി കുറ്റക്കാരനെന്ന് സിബിഐ കോടതി; ശിക്ഷ നാളെ

Share

തിരുവനന്തപുരം: ശ്യാമള്‍ മണ്ഡല്‍ വധക്കേസില്‍ പ്രതി മുഹമ്മദ് അലി കുറ്റക്കാരനെന്ന് തിരുവനന്തപുരം സിബിഐ കോടതി കണ്ടെത്തി. നാളെ ശിക്ഷ വിധിക്കും. തിരുവനന്തപുരം സിടി എന്‍ജിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയും ആന്‍ഡമാന്‍ സ്വദേശിയുമായിരുന്ന ശ്യാമളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന് 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് വിധി വരുന്നത്.

പ്രതി മുഹമ്മദ് അലിയും കൂട്ടുപ്രതിയായ നേപ്പാള്‍ സ്വദേശിയും ചേര്‍ന്ന് ശ്യാമളിനെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും കോവളം വെള്ളാറില്‍ ചാക്കില്‍കെട്ടി ഉപേക്ഷിക്കുകയുമായിരുന്നു. 2005 ഒക്ടോബറിലായിരുന്നു കൊലപാതകം. ഫോര്‍ട്ട് പോലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. തട്ടിക്കൊണ്ടുപോയശേഷം മോചനദ്രവ്യമായി 20 ലക്ഷംരൂപ ശ്യാമളിന്റെ അച്ഛനില്‍നിന്ന് മുഹമ്മദ് അലി ആവശ്യപ്പെട്ടിരുന്നു.

പണവുമായി വസുദേവ് മണ്ഡല്‍ ചെന്നൈയിലെത്തി പലയിടങ്ങളിലായി അന്വേഷിച്ച് നടക്കുമ്പോഴായിരുന്നു മൃതദേഹം കോവളത്തുനിന്ന് കണ്ടെത്തുന്നത്. തുടര്‍ന്ന് മുഹമ്മദ് അലിയെ ആന്‍ഡമാനില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് അന്വേഷണം സിബിഐക്ക് വിട്ടുവെങ്കിലും നേപ്പാള്‍ സ്വദേശി ദുര്‍ഗ ബഹദൂറിനെ കണ്ടെത്താനായില്ല.

Leave a Reply

Your email address will not be published.