CLOSE

ഉത്സവപ്പറമ്പില്‍ മുസ്ലിംങ്ങള്‍ക്ക് വിലക്ക്: ബോര്‍ഡ് കാലത്തിന് ഭൂഷണമല്ലെന്ന് എം.വി ജയരാജന്‍, ക്ഷേത്രക്കമ്മിറ്റിക്കെതിരെ വിമര്‍ശനം

Share

കണ്ണൂര്‍: ഉത്സവപ്പറമ്പിലേക്ക് മുസ്ലിം മത വിശ്വാസികള്‍ക്ക് പ്രവേശനമില്ലെന്ന് ചൂണ്ടിക്കാട്ടി ബോര്‍ഡ് സ്ഥാപിച്ച സംഭവത്തില്‍ ക്ഷേത്ര കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ക്ഷേത്ര ഭാരവാഹികളുടെ നടപടി കാലത്തിന് ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു. പയ്യന്നൂര്‍ മല്ലിയോട്ട് പാലോട്ട് കാവിലാണ് വിഷുകൊടിയേറ്റുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്ലിംങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് അറിയിച്ച് ബോര്‍ഡ് സ്ഥാപിച്ചത്.

ആരാധനാലയങ്ങള്‍ പവിത്രമാണെന്നും, ഇത്തരമൊരു ബോര്‍ഡ് നേരത്തെ ഉണ്ടായിരുന്നുവെങ്കിലും ആരും ശ്രദ്ധിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. വിവിധ സംസ്ഥാനങ്ങളില്‍ മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് ആളുകളെ വേര്‍തിരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്ന ഈ കാലത്ത്, ഇത്തരമൊരു നടപടി ഭൂഷണമല്ലെന്നും എം.വി ജയരാജന്‍ പറഞ്ഞു.

‘ആരാധനാലയങ്ങള്‍ പവിത്രമാണ്, അവിടം സംഘര്‍ഷ ഭൂമിയാക്കാന്‍ ആരും ഉപയോഗിക്കാന്‍ പാടില്ല. ഇത്തരമൊരു ബോര്‍ഡ് മുമ്പ് ഉണ്ടായിരുന്നുവെങ്കിലും ആരും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍, അതിപ്പോള്‍ പുതുക്കി സ്ഥാപിക്കേണ്ട ആവശ്യം ഇന്നത്തെ കാലത്തില്ല. വിവിധ സംസ്ഥാനങ്ങളില്‍ മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് ആളുകളെ വേര്‍തിരിക്കാന്‍ ശ്രമിക്കുന്ന ഈ കാലത്ത് ഭാരവാഹികളുടെ നടപടി ഭൂഷണമല്ല’, ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ക്ഷേത്രക്കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. ഏപ്രില്‍ 14 മുതല്‍ 19 വരെയുള്ള സമയത്താണ് മുസ്ലിംങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ ഡി.വൈ.എഫ്.ഐ ഉള്‍പ്പെടയുള്ളവര്‍ രംഗത്തെത്തിയിരുന്നു. കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് ഭാരവാഹികളുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ മാടായി ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *