പാലക്കാട്: പോപ്പുലര്‍ഫ്രണ്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മതഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടെന്ന് അദ്ദേഹം പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനോട് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലക്കാട് നടന്നത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. രാജ്യത്തിന്റെ പലഭാഗങ്ങളിലായി പോപ്പുലര്‍ഫ്രണ്ട് നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമെന്ന നിലയിലാണ് ശ്രീനിവാസന്റെ മരണത്തെയും കാണുന്നത്. കേരളത്തില്‍ പോപ്പുലര്‍ഫ്രണ്ടിന് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നു. സഞ്ജിത്തിന്റെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ എതിര്‍ത്തു. വാദം കേള്‍ക്കുമ്പോള്‍ പ്രതികളുടെ വാദം കൂടി കേള്‍ക്കണം എന്നായിരുന്നു അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞത്. എന്ത് വിചിത്രമായ വാദമാണ് ഇതെന്ന് സുരേന്ദ്രന് ചോദിക്കുന്നു.
ഭീകരവാദ കേസുകള്‍ അന്വേഷിക്കുന്ന കാര്യത്തില്‍ കേരള പോലീസ് വളരെ പിന്നിലാണ്. സര്‍ക്കാര്‍ പ്രതികളെ സഹായിക്കുന്ന നിലപാടാണ് കോടതിയില്‍ ഉള്‍പ്പെടെ നടക്കുന്നത്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരണം. സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് പോപ്പുലര്‍ഫ്രണ്ടിനെ സഹായിക്കുക എന്നത്. ഇതാണ് പോപ്പുലര്‍ഫ്രണ്ടിന് അരുംകൊലകള്‍ ചെയ്ത് കൂട്ടാന്‍ ഊര്‍ജ്ജം നല്‍കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.