CLOSE

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് കോടതിക്ക് കൈമാറും

Share

കൊച്ചി: നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ സംഘം വിചാരണ കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയെന്ന പരാതിയില്‍ എഡിജിപിയും ഇന്ന് വിശദീകരണം നല്‍കും.

നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണം ഏപ്രില്‍ 15 ന് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി അന്വേഷണ സംഘത്തിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി തീര്‍പ്പാക്കിയായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ അന്വേഷണത്തിന് 3 മാസം കൂടി സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഈ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുള്ള കാര്യം അന്വേഷണ സംഘം ഇന്ന് വിചാരണ കോടതിയെ അറിയിക്കും. ഇതുവരെയുള്ള അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ടും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയെന്ന പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് കോടതിയില്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന കോടതി പരാമര്‍ശത്തെ തുടര്‍ന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി എസ് ശ്രീജിത്ത് ഇന്ന് വിചാരണ വിശദീകരണം നല്‍കും.

തുടരന്വേഷണത്തിന്റെ ഭാഗമായി സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. വധ ഗൂഢാലോചന കേസിലെ 7 ാം പ്രതിയായ സായ് ശങ്കര്‍ നിലവില്‍ ജാമ്യത്തിലാണ്. അതേ സമയം കേസില്‍ കാവ്യ മാധവന്റെ പങ്ക് ഉറപ്പിക്കുന്നതിനായി കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള നീക്കങ്ങള്‍ അന്വേഷണ സംഘം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *