കൊച്ചി: പത്തനംതിട്ട മുക്കൂട്ടുതറയില്‍നിന്ന് കാണാതായ ജസ്ന മരിയ ജെയിംസ് സിറിയയിലേക്ക് കടന്നുവെന്ന് സിബിഐ കണ്ടെത്തിയതായുള്ള വാര്‍ത്തകള്‍ അന്വേഷണ ഏജന്‍സി തള്ളി. അത്തരം കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്ന് സിബിഐ പറയുന്നു. ജസ്ന സിറിയയിലാണെന്ന തരത്തില്‍ കഴിഞ്ഞ രണ്ടു ദിവസമായി വലിയ രീതിയില്‍ പ്രചാരണം നടക്കുകയും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തായാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് സിബിഐ വിശദീകരണം നല്‍കിയത്.
ജസ്ന സിറിയയിലുണ്ടെന്നോ അവിടേക്ക് പോയതായോ തങ്ങള്‍ക്ക് യാതൊരു വിവരവുമില്ലെന്ന് സിബിഐ പറയുന്നു. നിലവിലെ സൂചനകളനുസരിച്ച് ജസ്നയെ കുറിച്ച് കാര്യമായ വിവരങ്ങള്‍ അന്വേഷണ ഏജന്‍സിയുടെ പക്കലില്ല. ജസ്ന ജീവനോടെയുണ്ടോ ഇല്ലയോ എന്നതിലാണ് ആദ്യ ഘട്ടത്തില്‍ സിബിഐ വ്യക്തതവരുത്താന്‍ ശ്രമിക്കുന്നത്. ജീവിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചാലേ തുടരന്വേഷണത്തിന് പ്രസക്തിയുള്ളൂ.
ആ പശ്ചാത്തലത്തില്‍ ജസ്ന സഞ്ചരിച്ച വിഴികളിലൂടെയാണ് സിബിഐയുടെ അന്വേഷണവും പുരോഗമിക്കുന്നത്. ആറുമാസത്തിനിടെ ബന്ധുക്കളുടെ മൊഴിയെടുക്കുകയും ഇവരില്‍ ചിലരെ നിരീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍നിന്ന് കാര്യമായ തുമ്പ് ലഭിച്ചില്ല.