കൊച്ചി: കോടഞ്ചേരിയില്‍ മിശ്രവിവാഹം കഴിച്ച ജോയ്സ്ന സ്വന്തമായി തീരുമാനമെടുക്കാന്‍ പ്രാപ്തിയുള്ള സ്ത്രീയാണെന്ന് ഹൈക്കോടതി.
വിദേശത്ത് ജോലി ചെയ്തിട്ടുള്ള, 26 വയസ്സുള്ള ഒരു യുവതിക്ക് സ്വന്തം കാര്യം തീരുമാനിക്കാനുള്ള പക്വതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജോയ്സ്നയുടെ അച്ഛന് ജോസഫ് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ജോയ്സ്നയ്ക്ക് ഷെജിനൊപ്പം പോകാന്‍ ഹൈക്കോടതി അനുമതി നല്കി. ജോയ്സ്ന ഒരു തരത്തിലും അനധികൃതമായി കസ്റ്റഡിയിലാണെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സി എസ് സുധ അധ്യക്ഷയായ ഡിവിഷന് ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ആദ്യം ഹൈക്കോടതി ഡിവിഷന് ബഞ്ച് ജോയ്സ്നയോട് നേരിട്ടാണ് സംസാരിച്ചത്. താന്‍ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വന്നതാണെന്നും തനിക്ക് മേല്‍ ഒരുതരത്തിലുമുള്ള സമ്മര്‍ദ്ദവുമില്ല എന്നും ജോയ്സ്ന കോടതിക്ക് മുമ്പാകെ ബോധിപ്പിച്ചു.
തനിക്ക് മാതാപിതാക്കളോട് ഇപ്പോള്‍ സംസാരിക്കാന്‍ താത്പര്യമില്ല. അവരെ ഇപ്പോള്‍ കാണുന്നില്ലെന്നും പിന്നീട് വിശദമായി സംസാരിച്ചോളാമെന്നും ജോയ്സ്ന വ്യക്തമാക്കി.