CLOSE

മഞ്ജുവിനെതിരെ മൊഴി പറയാന്‍ അനൂപിനെ അഭിഭാഷകന്‍ പറഞ്ഞ് പഠിപ്പിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്

Share

കൊച്ചി: ദിലീപിന്റെ അഭിഭാഷകനും സഹോദരനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. പ്രോസിക്യൂഷന്‍ സാക്ഷിയായ അനൂപ് എന്തെല്ലാം പറയണമെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന രീതിയിലുള്ള സംഭാഷണമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

അഭിഭാഷകനായ ഫിലിപ്പാണ് അനൂപിനെ മൊഴി പറഞ്ഞ് പഠിപ്പിക്കുന്നത്. മഞ്ജു വാര്യറിന് സിനിമയില്‍ മറ്റൊരാളുമായി പ്രണയത്തിലായിരുന്നുവെന്ന് മൊഴി പറയണം, ഇതെല്ലാം അറിഞ്ഞുകൊണ്ടാണ് ചേട്ടന്‍ (ദിലീപ്) കല്യാണം കഴിച്ചത്, മഞ്ജു ഒരു സാമ്പത്തിക വരുമാനത്തിനാണ് താത്പര്യം കാണിച്ചിരുന്നത് എന്നിവ കൃത്യമായി പറയണമെന്ന് അഭിഭാഷകന്‍ അനൂപിനോട് പറയുന്നു. മഞ്ജുവിനെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തിരുന്നതും ചേട്ടനാണെന്ന് അന്വേഷണ സംഘത്തെ കൃത്യമായി ബോധ്യപ്പെടുത്തണമെന്നും അല്ലെങ്കില്‍ കേസില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും അഭിഭാഷകന്‍ പറഞ്ഞു.

മഞ്ജുവിന്റെ ചില പിടിവാശികളാണ് ബന്ധം വേര്‍പ്പെടുത്താന്‍ കാരണമെന്ന് പറയമണമെന്നും അനൂപിനെ പറഞ്ഞ് പഠിപ്പിച്ച് പരിശീലിപ്പിക്കുന്നതാണ് ഓഡിയോ. ദിലീപിനെ ചില കേന്ദ്രങ്ങളില്‍ വച്ച് കണ്ടിട്ടില്ല, ചാലക്കുടിയിലെ തീയേറ്റര്‍ ആരും തന്നെ വാങ്ങിയിട്ടില്ലെന്ന് ബോധ്യപ്പെടുത്തണം എന്ന് പറഞ്ഞ് പഠിപ്പിക്കുന്നതും ഓഡിയോ ക്ലിപ്പില്‍ വ്യക്തമാണ്.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതി ദിലീപിന് തിരിച്ചടി നല്‍കിക്കൊണ്ടുള്ള ഹൈക്കോടതി വിധി വരുന്നത് ഇന്നാണ്. എഫ്ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയാണ് തള്ളിയത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി തള്ളിയത്. അന്വേഷണ സംഘം സമര്‍പ്പിച്ച നിര്‍ണായക ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ചായിരുന്നു ഹൈക്കോടതി വിധി.

ഇതോടെ വധഗൂഢാലോചന കേസില്‍ ദിലീപിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് തുടരാം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താന്‍ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്.

Leave a Reply

Your email address will not be published.