CLOSE

കഞ്ചാവ് കേസ് പ്രതിയുടെ വീട്ടില്‍ നിന്ന് ആയുധശേഖരം കണ്ടെത്തി: പ്രതി അറസ്റ്റില്‍

Share

പോത്തന്‍കോട് : കഞ്ചാവ് കൈവശം സൂക്ഷിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ പോലീസുകാര്‍ ശരിക്കും ഞെട്ടി. കഞ്ചാവിനു പുറമെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് മാരകായുധങ്ങള്‍. വടിവാള്‍ ഉള്‍പ്പെടെ വിവിധ ആകൃതിയിലുള്ള വാളുകള്‍, കത്തികള്‍, എയര്‍ഗണ്‍, അതിലുപയോഗിക്കുന്ന പെല്ലറ്റ് തുടങ്ങി നിരവധി മാരകായുധങ്ങള്‍ ആണ് പോലീസ് കണ്ടെത്തിയത്.

വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 20 ഗ്രാം കഞ്ചാവും ഒരു വടിവാളും അഞ്ച് വാളുകളും അഞ്ച് കത്തികളും എയര്‍ഗണ്ണും അതിലുപയോഗിച്ചിരുന്ന ഒരു പെട്ടി പെല്ലറ്റുകളും വീട്ടിനുള്ളില്‍ നിന്നും പോലീസിനു കിട്ടി. സംഭവത്തില്‍ തോന്നയ്ക്കല്‍ എജെ കോളേജിനു സമീപം ഫൈസല്‍ മന്‍സിലില്‍ നൗഫല്‍ എന്ന ഇരുപത്തിയൊന്നുകാരനെ വീട്ടില്‍ നിന്നു തന്നെ റൂറല്‍ ഡാന്‍സാഫ് ടീമും മംഗലപുരം പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.

കഞ്ചാവ് സംഘങ്ങളുമായി ബന്ധമുണ്ടെന്നറിഞ്ഞ് മാസങ്ങളായി നൗഫലിനു പിന്നാലെ പോലീസ് ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവുള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വില്‍ക്കുന്ന സംഘത്തിലെ അംഗമാണ് നൗഫല്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് നൗഫലിന്റെ വീട്ടിലെത്തി പോലീസ് പരിശോധന നടത്തിയത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.

പ്രദേശത്ത് ഗുണ്ടാ സംഘങ്ങള്‍ ലഹരിമരുന്ന് വില്‍പ്പനയിലും ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി രാസിത്തിന്റെ നേതൃത്വത്തില്‍ മംഗലപുരം എസ്‌ഐ ശ്രീനാഥ്, ഡാന്‍സാഫ് ടീമിലെ അനൂപ്, ഷിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published.