കോട്ടയം: തലയോലപ്പറമ്പില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടു പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിയാണ് മരിച്ചത്. വെള്ളൂര്‍ സ്വദേശിനിയുടെ നില ഗുരുതരമായി തുടരുന്നു. വീട്ടില്‍ വഴക്കുപറഞ്ഞതിന്റെ പേരിലാണ് ഇരുവരും വിഷക്കായ കഴിച്ചതെന്ന് പോലീസ് അറിയിച്ചു. വെള്ളൂര്‍ സ്വദേശിയായ പെണ്‍കുട്ടി പോക്സോ കേസിലെ ഇരയാണ്.
ഇന്നലെ വൈകീട്ടാണ് സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തലയോലപ്പറമ്പിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ വെള്ളൂര്‍ സ്വദേശിനിയെത്തിയശേഷം ടിക്ടോക്കില്‍ നൃത്തം ചെയ്യുന്നത് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഇതിനെ വീട്ടുകാര്‍ എതിര്‍ക്കുകയും വഴക്ക് പറയുകയും ചെയ്തു. തുടര്‍ന്നാണ് ഇരുവരും വിഷക്കായ കഴിച്ചത്.
പെണ്‍കുട്ടികളെ രാത്രിതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നില വഷളായതിനെ തുടര്‍ന്ന് പുലര്‍ച്ചെയാണ് തലയോലപ്പറമ്പ് സ്വദേശിനായായ പെണ്‍കുട്ടി മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് വെള്ളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി ചികിത്സയിലുള്ളത്. ഒന്നരവര്‍ഷം മുമ്പാണ് വെള്ളൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി പോക്സോ കേസില്‍ ഇരയായത്.