തിരുവനന്തപുരം: സില്‍വര്‍ലൈന്‍ സര്‍വേക്കെതിരെ കഴക്കൂട്ടം കരിച്ചാറയില്‍ പ്രതിഷേധം. സര്‍വേക്ക് എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു. തുടര്‍ന്ന് സമരക്കാര്‍ക്കെതിരെ പോലീസ് ബലം പ്രയോഗിച്ചു. സംഭവത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കുപറ്റി. പോലീസ് മര്‍ദിച്ചുവെന്ന് ഇവര്‍ ആരോപിച്ചു. പ്രതിഷേധക്കാര്‍ റോഡില്‍കിടന്ന് പ്രതിഷേധിച്ചു.
പോലീസുകാരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ മുദ്രാവാക്യം വിളിച്ച് റവന്യൂ ഉദ്യോഗസ്ഥരെ തടയാന്‍ പ്രതിഷേധക്കാര്‍ രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തുടര്‍ന്ന് ഇവരെ പോലീസ് തടഞ്ഞപ്പോള്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്നാണ് പോലീസ് പ്രതിഷേധക്കാരെ കയ്യേറ്റം ചെയ്തത്.
പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ പിന്നിലേക്ക് തള്ളിമാറ്റുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെയാണ് പോലീസുകാരന്‍ പ്രതിഷേധക്കാരില്‍ ഒരാളെ ബൂട്ടിട്ട് ചവിട്ടിയത്. വളരെ ശക്തമായ രീതിയിലാണ് പോലീസ് സമരക്കാരെ നേരിട്ടത്. അങ്ങനെയാണ് സമരക്കാരില്‍ ചിലര്‍ക്ക് പരിക്കേറ്റത്. പ്രതിഷേധത്തെ തുടര്‍ന്ന് കഴക്കൂട്ടത്ത് സില്‍വര്‍ലൈന്‍ കല്ലിടല്‍ താത്ക്കാലികമായി നിര്‍ത്തി.