മൂന്നാര്‍: കാമുകി പ്രണയത്തില്‍ നിന്നും പിന്മാറി പുതിയ ബന്ധത്തിലേക്ക് പോയതിന്റെ വൈരാഗ്യത്തില്‍ പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച് യുവാവ്. മൂന്നാറിലാണ് സംഭവം. പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പുതിയ കാമുകനും മാതാപിതാക്കള്‍ക്കും അയച്ച് നല്കിയ സംഭവത്തില്‍ മൂന്നാര്‍ നല്ലതണ്ണി സ്വദേശിയായ സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍ സ്വദേശിയായ ഇരുപതുകാരിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
പെണ്‍കുട്ടിയും യുവാവും തമ്മില്‍ മുമ്പ് അടുപ്പത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുമായി വീഡിയോ കോള്‍ ചെയ്യുമ്പോള്‍ യുവാവ് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ സ്ക്രീന്‍ഷോട്ട് എടുത്ത് വച്ചിരുന്നു. കുറച്ച് നാള് മുമ്പ് ഇരുവരും തമ്മില്‍ പിരിഞ്ഞു. ഇതിനിടെ, പെണ്‍കുട്ടി പഠനത്തിനായി തമിഴ്നാട്ടിലേക്ക് പോവുകയും മറ്റൊരു യുവാവുമായി അടുക്കുകയും ചെയ്തു. ഇതറിഞ്ഞ യുവാവ് പെണ്‍കുട്ടിയെ വിളിച്ച് ഭീഷണിപ്പെടുത്തി.
പ്രതികാരമായി പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പുതിയ കാമുകനും, പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കും ഇയാള്‍ അയച്ചുകൊടുത്തു. തന്റെ പഴയ കാമുകനാണ് ഈ പ്രവൃത്തി ചെയ്തതെന്ന് പെണ്‍കുട്ടിക്ക് മനസിലായതുമില്ല. യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍, സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സന്തോഷ് പിടിയിലായത്. ഫോണില്‍ നിന്ന് പ്രതി കളഞ്ഞ ചിത്രങ്ങളും ചാറ്റുകളും സൈബര്‍ സെല്‍ വീണ്ടെടുത്തു. പ്രതിയ്ക്കെതിരെ സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ദേവികുളം കോടതിയില്‍ ഹാജരാക്കി ഇയാളെ റിമാന്‍ഡ് ചെയ്തു.