വയനാട്: മാനന്തവാടിസബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് സിന്ധുവിന്റെ ആത്മഹത്യയില്‍ ആത്മഹത്യയില്‍ വകുപ്പുതല നടപടി. മാനന്തവാടി സബ് ആര്‍ടി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് അജിത കുമാരിയെ കോഴിക്കോട് ആര്‍ടി ഓഫീസിലേക്ക് സ്ഥലം മാറ്റി.
സിന്ധുവിന്റെ ആത്മഹത്യാ കുറിപ്പിലും ഡയറിക്കുറിപ്പിലും അജിതകുമാരിയുടെ പേരുണ്ടായിരുന്നു. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര് രാജീവിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഈ മാസം 6 നാണ് സീനിയര്‍ ക്ലര്‍ക്ക് പിഎ സിന്ധുവിനെ എള്ളുമന്ദത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകരില്‍ നിന്നുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ആരോപണം.
ജോലി സംബന്ധമായി അജിത കുമാരിയും സിന്ധുവും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. അന്വേഷണ വിധേയമായി നേരത്തെ അജിത കുമാരിയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
അജിത കുമാരിയടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി അറിയിക്കാനാണ് സിന്ധു തൂങ്ങി മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വയനാട് ആര്‍ടിഒയെ നേരില്‍ കണ്ടത്. തിരിച്ച് ഓഫീസിലെത്തിയ സിന്ധുവിന് ഉദ്യോഗസ്ഥരില്‍ നിന്ന് ഭീഷണി നേരിടേണ്ടിവന്നെന്നാണ് സൂചന.
പോലീസ് കണ്ടെത്തിയ ഡയറിയില്‍ മറ്റ് രണ്ട് സഹപ്രവര്‍ത്തകരുടെ പേരുകളുമുണ്ട്. കൈകൂലിക്കും കള്ളതരങ്ങള്‍ക്കും കൂട്ടുനില്‍ക്കാത്തവര്‍ സര്‍ക്കാര്‍ ജോലിക്ക് നില്‍ക്കരുതെന്ന ഡയറിയിലെ വരികള്‍ മോട്ടോര്‍ വാഹനവകുപ്പിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
സിന്ധുവിന്റെ ആത്മഹത്യയ്ക്ക് കാരണം സഹപ്രവര്‍ത്തകരുടെ മാനസിക പീഡനം മൂലമാണെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. സിന്ധുവിന്റെ ഡയറിയില്‍ അജിത കുമാരിയടക്കമുള്ളവരെ കുറിച്ച് പരാമര്‍ശമുണ്ടെന്ന് പോലീസ് പറഞ്ഞു. സിന്ധു തൂങ്ങി മരിച്ച എള്ളുമന്ദത്തെ വീട്ടിലെ മുറിയില്‍ നിന്നാണ് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും കണ്ടെത്തിയത്.
ഓഫീസില്‍ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്നും സിന്ധു ഡയറിയില്‍ കുറിച്ചു വെച്ചിരുന്നു. മാനസികമായി പീഡിപ്പിച്ച ചില സഹപ്രവര്‍ത്തകരുടെ പേരുകളും ഡയറിയിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഓഫീസില്‍ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്നും സിന്ധു ഡയറിയില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ ഈ കാര്യങ്ങളാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്ന് ഉറപ്പിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
സിന്ധുവിനെ ഓഫീസിനുള്ളില്‍ വെച്ച് ഉദ്യോഗസ്ഥര്‍ പരസ്യമായി അപമാനിച്ചത് അറിയാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എച്ച്ബി പ്രദീപ് പറഞ്ഞു. തൂങ്ങി മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് സിന്ധുവും മറ്റ് 4 സഹപ്രവര്‍ത്തകരും വയനാട് ആര്‍ടിഒ മോഹന്‍ദാസിനെ നേരില്‍ കണ്ടിരുന്നു.
ഓഫീസില്‍ ഗ്രൂപ്പിസമുണ്ട്, ഓഫീസില്‍ സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നുമാണ് ഇവര്‍ ആര്‍ടിഒയോട് ആവശ്യപ്പെട്ടത്. ഓഫീസില്‍ ജോലി ചെയ്യാനുള്ള അന്തരീക്ഷമില്ലെന്ന് അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. എന്നാല്‍ സിന്ധു രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു ആര്‍ടിഒ വിശദീകരിച്ചത്.
മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരന് പി എ ജോസ് നല്കിയ പരാതിയില്‍ മാനന്തവാടി പോലീസ് അന്വേഷണം നടത്തുന്നുണ്ട്.