കേരള നോളജ് എക്കണോമി മിഷന് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായുള്ള ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ പ്രചാരണ പരിപാടിയുടെയും സര്‍വ്വേയുടെയും മാര്‍ഗ്ഗരേഖ തയ്യാറായതായി മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ അറിയിച്ചു.
കേരള നോളജ് എക്കണോമി മിഷന് മുഖേന തൊഴിലന്വേഷകരെയും തൊഴില്‍ദാതാക്കളെയും ബന്ധിപ്പിക്കുന്നതിന് വികസിപ്പിച്ച ഓണ്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തില്‍ എന്ട്രോള് ചെയ്യുന്നതിന് വേണ്ടിയാണ് ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ എന്ന പ്രചാരണ പരിപാടി നടത്തുന്നത്. പുതിയ സാഹചര്യത്തില്‍ ലോകത്തെല്ലായിടത്തും വിവിധ മേഖലകളില്‍ തൊഴിലുകള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
2026 ഓടെ കേരള നോളജ് എക്കണോമി മിഷന്റെ ഭാഗമായി 20ലക്ഷം അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് ജോലി നല്‍കാനാണ് ലക്ഷ്യമിടുന്നത്. 18 വയസു മുതല്‍ 59 വരെയുള്ള വ്യക്തികളുടെ വിവരങ്ങളാണ് സര്‍വ്വേയുടെ ഭാഗമായി ശേഖരിക്കുക. നോളജ് എക്കണോമി മിഷനെക്കുറിച്ച് അറിവ് നല്‍കുന്നതോടൊപ്പം പത്തു ലക്ഷം പേരെ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യിക്കാനും ഈ സര്‍വേയിലൂടെ ലക്ഷ്യമിടുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
ഇതിന്റെ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീ മുഖേന കമ്മ്യൂണിറ്റി അംബാസഡര്‍മാരെ നിയമിക്കും. ഒരു സിഡിഎസിന് കീഴില്‍ ഒരു അംബാസിഡര്‍ എന്ന നിലയിലായിരിക്കും ഇവരെ നിയോഗിക്കുക. ഈ ക്യാമ്പയിന് സംഘടിപ്പിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ മാര്‍ഗരേഖ പ്രസിദ്ധീകരിച്ചതായും മന്ത്രി അറിയിച്ചു.