CLOSE

വ്യാപാര സ്ഥാപനങ്ങളിലെ അളവു തൂക്ക കൃത്യത ഉറപ്പാക്കും: മന്ത്രി ജി.ആര്‍ അനില്‍

Share

വ്യാപാര സ്ഥാപനങ്ങളിലെ അളവു തൂക്ക കൃത്യത ഉറപ്പാക്കുമെന്നു ഭക്ഷ്യ – സിവില്‍ സപ്ലൈസ് – ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. ഉപഭോക്താക്കള്‍ വാങ്ങുന്ന സാധനങ്ങളുടെ കൃത്യമായ വിലവിവരം രേഖപ്പെടുത്തി ബില്ല് നല്‍കുന്ന രീതി കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അളവുതൂക്ക ഉപകരണങ്ങളുടെ മുദ്രപതിപ്പിക്കുന്നതിനായി പിഴത്തുകയില്‍ ഇളവു നല്‍കി സംഘടിപ്പിക്കുന്ന അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

വ്യാപാര രംഗവുമായി ബന്ധപ്പെട്ടു പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണു കാണുന്നതെന്നു മന്ത്രി പറഞ്ഞു. ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ 23 വരെ 33,246 കടകളില്‍ നടത്തിയ പരിശോധനയില്‍ മൂവായിരത്തിലെറേ സ്ഥലങ്ങളില്‍ ന്യൂനതകള്‍ കണ്ടെത്തിയിരുന്നു. ഇവ പരിഹരിക്കാന്‍ നല്‍കിയ സമയപരിധിക്കു ശേഷം വീണ്ടും പരിശോധന നടത്തി. പരിഹാരമുണ്ടാക്കാത്ത കടകള്‍ക്കു പിഴ ചുമത്തി. കോവിഡ് കാലത്ത് അളവുതൂക്ക ഉപകരണങ്ങളുടെ മുദ്രപതിപ്പിക്കല്‍ സംബന്ധിച്ച പുനഃപരിശോധനാ നടപടികള്‍ കുടിശികയായവര്‍ക്കായാണ് ഇപ്പോള്‍ എല്ലാ ജില്ലകളിലും അദാലത്ത് നടത്തുന്നത്. പിഴത്തുകയില്‍ വലിയ ഇളവു നല്‍കി സംഘടിപ്പിക്കുന്ന അദാലത്ത് പരമാവധി പ്രയോജനപ്പെടുത്തണം.

ലീഗല്‍ മെട്രോളജി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കും. വരുന്ന അഞ്ചു വര്‍ഷത്തിനകം സംസ്ഥാനത്തെ എല്ലാ ലീഗല്‍ മെട്രോളജി ഓഫിസുകളും വാടക കെട്ടിടങ്ങളില്‍നിന്നു സ്വന്തം കെട്ടിടത്തിലേക്കോ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്കോ മാറ്റണമെന്നും മന്ത്രി നിര്‍ദേശിച്ചു. പട്ടം ലീഗല്‍ മെട്രോളജി ഭവനില്‍ നടന്ന ചടങ്ങില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ പി.കെ. രാജു, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ കെ.ടി. വര്‍ഗീസ് പണിക്കര്‍, ഉപഭോക്തൃകാര്യ വകുപ്പ് അഡിഷണല്‍ സെക്രട്ടറി അബ്ദുള്‍ മജീദ് കക്കോട്ടില്‍, അഡിഷണല്‍ കണ്‍ട്രോളര്‍ ആര്‍. റീന ഗോപാല്‍, ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ എസ്. ജയ, എം. അബ്ദുള്‍ ഹഫീസ്, ബി.എസ്. അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.